മീരയും മറ്റു കഥകളും - ആനന്ദ്
സമൂഹത്തോടും തന്റെ സഹജീവികളോടും ഒരുപാട് പ്രതിബദ്ധതയുള്ള എഴുത്തുകാരനാണ് ആനന്ദ് എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തിൻറെ സൃഷ്ടികൾ പരിശോധിച്ചാൽ എളുപ്പത്തിൽ മനസിലാക്കാവുന്ന കാര്യമാണിത്.1970 ൽ ആൾക്കൂട്ടം എന്ന നോവലിലൂടെ മലയാള സാഹിത്യത്തിലേക്ക് രംഗപ്രവേശം ചെയ്ത അദ്ദേഹത്തിൻറെ ആദ്യ വർക് തന്നെ താൻ ജീവിക്കുന്ന സമൂഹത്തിന്റെയും ചരിത്രാവസ്ഥയുടെയും സ്വഭാവത്തെ വിശകലനാത്മകമായി അവതരിപ്പിക്കുകയായിരുന്നു. പിന്നീട് അങ്ങോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത എഴുത്തിലൂടെ അദ്ദേഹം മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരിൽ ഒരാളായി മാറുകയായിരുന്നു. ചെറുകഥകൾ എഴുതാറുണ്ടായിരുന്നവെങ്കിലും ആദ്യമായി അവ പ്രസിദ്ധീകരിച്ചത് 'ആൾക്കൂട്ട'ത്തിനു ശേഷമായണ്. കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കുമുപരി മനുഷ്യാവസ്ഥയുടെ വൈകാരിക തലങ്ങളെ സ്പർശിച്ചുകൊണ്ടുള്ള എഴുത്താണ് ആനന്ദ് കൈക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഈ കഥകളെല്ലാം നാം വായിച്ചുശീലിച്ച പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമാണ്. അത്തരത്തിൽ മനുഷ്യജീവിതത്തിലെ വിവിധ അവസ്ഥകളെ ചോദ്യംചെയ്യുന്ന ഒൻപത് കഥകളാണ് ഈ സമാഹരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 1. വാടകവീട് (1960) നോവലെഴുത്ത...