സ്‌കാവഞ്ചർ
ഇന്ദുഗോപന്റേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ ഒരു കുഞ്ഞു കുറ്റന്വേഷണ നോവലാണ് സ്കാവഞ്ചർ. സ്കാവഞ്ചർ എന്നാൽ മലയാളത്തിൽ തോട്ടിപ്പണിക്കാരൻ എന്നർത്ഥം. മൃഗശാലയിലെ മുതലകളെയും പാമ്പുകളെയും പരിപാലിക്കുക അതുങ്ങളുടെ കാഷ്ടം വാരുക തുടങ്ങിയ ജോലികൾ ചെയ്യുന്ന പചൈ എന്ന തമിഴ് പയ്യനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ഇന്ദുഗോപൻ കഥകളുടെ മുഖമുദ്രയായ അസാധാരണമായ റീഡബിലിറ്റി ഇവിടെയും അതുപോലെ തന്നെയുണ്ട്. ഒരു സിനിമ കാണും പോലെ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാം. ചടുലമായ ഒരു ത്രില്ലർ സിനിമയ്ക്കുള്ള വകയെല്ലാം ഇന്ദുഗോപൻ നോവലിൽ ചേർത്ത് വെച്ചിട്ടുണ്ട്. ◾️ നേരത്തെ പറഞ്ഞ പചൈ എന്ന പയ്യനിലേക്ക് വരാം. മൃഗശാലയിലെ ജോലി എന്ന് പറയുമ്പോൾ അത് മാസം ശമ്പളമെല്ലാം കൃത്യമായി കിട്ടുന്ന ഒരു ജോലിയായി വിചാരിക്കേണ്ട. ചെറിയ ഒരു മോഷണ കേസിൽ പ്രതിയായ അവനെ മ്യൂസിയം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ എസ് ഐ പ്രാണകുമാർ സുഹൃത്തായ മൃഗശാല വൈറ്റിനറി സർജന് ഒരു അടിമ ആയാണ് സമ്മാനിക്കുന്നത്. മൂന്നു വർഷത്തെ വ്യവസ്ഥയ്ക്ക് ശേഷം കുറ്റവിമുക്തനാക്കാം എന്നതായിരുന്നു വാഗ്ദാനം. എന്നാൽ സ്‌കാവഞ്ചർ തസ്തികയിൽ നിയമിക്കപ്പെട്ട അവൻ മൂന്നുവർഷം കഴിഞ്ഞിട്ടും സ്വത...