ബഷീർ - എഴുതുമ്പോൾ എപ്പോഴും കരഞ്ഞ ഒരാൾ
ബഷീർ അദ്ദേഹത്തിന്റെ സാഹിത്യത്തെക്കാൾ മഹത്വമുള്ള മനുഷ്യനായിരുന്നു. മലയാളനാട്ടിൽ ബേപ്പൂർ സുൽത്താനെ അറിയാത്ത ആരാണുള്ളത്. ഏത് നിലവാരത്തിൽ നിന്നുള്ളവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ അദ്ദേഹം ജീവിതം എഴുതി. അതിന് കേരളക്കരയും കടന്ന് ലോകമൊട്ടാകെ ആരാധകരുണ്ടായി. അങ്ങനെ അയാൾ മലയാളസാഹിത്യത്തിന്റെ സുൽത്താനായി. ബഷീറിനെ അറിഞ്ഞവർക്ക് അദ്ദേഹത്തെപ്പറ്റി പറയാൻ ആയിരം നാവുകളായിരിക്കും എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബഷീറിൻറെ അടുത്ത സുഹൃത്തും സാഹിത്യ നിരൂപകനുമായ ഡോക്ടർ എം എം ബഷീറിന്റെ പല കാലത്ത് എഴുതപ്പെട്ട കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. നാം അറിഞ്ഞതിലുമധികം എളിമയുള്ള മനുഷ്യനായിരുന്നു ബഷീർ എന്ന പ്രസ്താവനയ്ക്ക് അടിവരയിടും വിധമുള്ള അനുഭവങ്ങളാണ് ഗ്രന്ഥകാരൻ ഇവിടെ പങ്കുവച്ചിരിക്കുന്നത്. ബഷീർ കോഴിക്കോട് സ്ഥിരതാമസമാക്കിയ കാലംമുതൽ ഒഴിവുദിവസങ്ങളിൽ സ്ഥിരമായി ബഷീറിനെ കാണാൻ പോകാറുള്ളയാളായിരുന്നു പ്രസ്തുത ഗ്രന്ഥകാരൻ. " അദ്ദേഹത്തോട് സംസാരിച്ചിരിക്കുമ്പോൾ എത്ര ചെറിയ മനുഷ്യനായാലും സ്വയം അഭിമാനം തോന്നും: തന്നെ മനുഷ്യനായി കരുതി തുല്യമായ കരുതലോടെ, സ്നേഹാദരങ്ങളോടെ സംസാരിക്കുന്ന വലിയൊരു മനുഷ്യൻ. ...