ബഷീർ - എഴുതുമ്പോൾ എപ്പോഴും കരഞ്ഞ ഒരാൾ
ബഷീർ അദ്ദേഹത്തിന്റെ സാഹിത്യത്തെക്കാൾ മഹത്വമുള്ള മനുഷ്യനായിരുന്നു.
മലയാളനാട്ടിൽ ബേപ്പൂർ സുൽത്താനെ അറിയാത്ത ആരാണുള്ളത്. ഏത് നിലവാരത്തിൽ നിന്നുള്ളവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ അദ്ദേഹം ജീവിതം എഴുതി. അതിന് കേരളക്കരയും കടന്ന് ലോകമൊട്ടാകെ ആരാധകരുണ്ടായി. അങ്ങനെ അയാൾ മലയാളസാഹിത്യത്തിന്റെ സുൽത്താനായി. ബഷീറിനെ അറിഞ്ഞവർക്ക് അദ്ദേഹത്തെപ്പറ്റി പറയാൻ ആയിരം നാവുകളായിരിക്കും എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബഷീറിൻറെ അടുത്ത സുഹൃത്തും സാഹിത്യ നിരൂപകനുമായ ഡോക്ടർ എം എം ബഷീറിന്റെ പല കാലത്ത് എഴുതപ്പെട്ട കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
നാം അറിഞ്ഞതിലുമധികം എളിമയുള്ള മനുഷ്യനായിരുന്നു ബഷീർ എന്ന പ്രസ്താവനയ്ക്ക് അടിവരയിടും വിധമുള്ള അനുഭവങ്ങളാണ് ഗ്രന്ഥകാരൻ ഇവിടെ പങ്കുവച്ചിരിക്കുന്നത്. ബഷീർ കോഴിക്കോട് സ്ഥിരതാമസമാക്കിയ കാലംമുതൽ ഒഴിവുദിവസങ്ങളിൽ സ്ഥിരമായി ബഷീറിനെ കാണാൻ പോകാറുള്ളയാളായിരുന്നു പ്രസ്തുത ഗ്രന്ഥകാരൻ.
" അദ്ദേഹത്തോട് സംസാരിച്ചിരിക്കുമ്പോൾ എത്ര ചെറിയ മനുഷ്യനായാലും സ്വയം അഭിമാനം തോന്നും: തന്നെ മനുഷ്യനായി കരുതി തുല്യമായ കരുതലോടെ, സ്നേഹാദരങ്ങളോടെ സംസാരിക്കുന്ന വലിയൊരു മനുഷ്യൻ.
അവിടെ പ്രായ വ്യത്യാസം ഇല്ല, വലിപ്പച്ചെറുപ്പം ഇല്ല, പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല, സമ്പന്നനെന്നോ ദരിദ്രവാസിയെന്നോ ഇല്ല. എന്തും പറയാം. അദ്ദേഹം പറയുന്ന ആത്മകഥകൾ കേട്ട് വിചാരപ്പെടാം. ഫലിതപരിഹാസങ്ങൾ കേട്ട് ചിരിച്ചുകൊണ്ടിരിക്കാം. മനസ്സിന് വലിയൊരാശ്വാസം ലോകം വിശാലവും സുന്ദരവും എന്ന വിചാരത്തോടെ മടങ്ങാം "
എന്ന് ഡോക്ടർ എം എം ബഷീർ സാക്ഷ്യപ്പെടുത്തുന്നു.
ബഷീറിൻറെ സാഹിത്യത്തെക്കാൾ ഉപരി അയാളിലെ മനുഷ്യനെ ആണ് ഇവിടെ ചർച്ചാവിഷയമാക്കുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ഒരുപോലെ കാണുന്ന "ഭൂമിയുടെ അവകാശികൾ" എന്ന കഥയിലെ കഥാപാത്രത്തെ തന്നെയാണ് ബഷീറിന്റെ ജീവിതത്തിലും കാണാൻ സാധിക്കുന്നത്. പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ഉപയോഗിക്കാത്തതിന് ബഷീർ കാരണം പറയുന്നത് തന്നെ ചവിട്ട് കൊണ്ട് മണ്ണിലെ ചെറുജീവികൾ വേദനിക്കും എന്നതാണ്. ഈയൊരു സന്ദർഭത്തിൽ നിന്നു തന്നെ വ്യക്തമാണ് അദ്ദേഹത്തിൻറെ സഹജീവികളോടുള്ള കരുതലിന്റെ ആഴം.വായനക്ക് ശേഷം ഏതൊരു എളിയ വായനക്കാരനും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, ബഷീർ അദ്ദേഹത്തിന്റെ സാഹിത്യത്തെക്കാൾ മഹത്വമുള്ള മനുഷ്യനായിരുന്നു.
1987 ജനുവരി 19ന് കാലിക്കറ്റ് സർവകലാശാല ബഷീറിന് D.Litt (Doctor of Literature) ബിരുദം നൽകി ആദരിക്കുകയുണ്ടായി. അന്ന് അദ്ദേഹത്തിൻറെ പ്രസംഗത്തിലെ ഏതാനും വാക്കുകൾ താഴെ;
" നിങ്ങളൊക്കെ സന്ധ്യയെ പറ്റി പറയാൻ തുടങ്ങുമ്പോൾ- സന്ധ്യ മയങ്ങി, വിളക്കുതെളിഞ്ഞു എന്നൊക്കെയാവും എഴുതുക. എന്നാൽ ഞാൻ എഴുതുന്നത് അങ്ങനെയായിരിക്കില്ല. ഞാൻ സന്ധ്യയെക്കുറിച്ചെഴുത്തുമ്പോൾ അവിടെ സമുദ്രമുണ്ടാകും. വലിയ കറുത്ത സാരി വാരിവലിചിട്ടിരിക്കുന്നതുപോലെ. സൂര്യഭഗവാൻ അപ്പോൾ പടിഞ്ഞാറ് സ്വർണ്ണഗോളം കണക്കെ നിൽക്കുകയാവും. എനിക്ക് ഈ വർണനകളിലൂടെയെ സന്ധ്യയെ വിവരിക്കാനാകൂ. കാരണം 'ന്ധ' എന്ന അക്ഷരം എഴുതാൻ അറിയണ്ടേ..? 'സന്ധ്യ' എന്നെഴുതാൻ 'ന്ധ' വേണ്ടേ..? ഇതേപോലെ വെറും ഏഴാം ക്ലാസ്സുകാരൻ മാത്രമായ എനിക്ക് മലയാളത്തിൽ ഋ, സ്ഥ, ണ്ഡ, ണ്ഠ തുടങ്ങി ഏതാണ്ട് പന്ത്രണ്ടോളം അക്ഷരങ്ങൾ തെറ്റാതെ എഴുതാൻ അറിയില്ല. അതിനാൽ ഞാൻ മുഖ്യമന്ത്രി കരുണാകരൻ ആയാൽ ആദ്യം ചെയ്യുക ഈ പന്ത്രണ്ട് അക്ഷരങ്ങൾ നിരോധിക്കും..."
- Antony Deffrin Jose
Published by www.bukkafe.com
₹ 100
₹ 100

Comments
Post a Comment