മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്
മനുഷ്യമനസ്സിലേക്കുള്ള മരുഭൂമിയുടെ വളർച്ച
കഷ്ടപ്പെട്ട് വായിക്കാതെ ആനന്ദിനെ ഇഷ്ടപ്പെട്ട് വായിക്കുന്നവർക്ക് മാത്രം ആസ്വദിക്കാനാകുന്നൊരു മനോഹാരിതയുണ്ട് ആനന്ദിന്റെ എഴുത്തിന്. മാത്രമല്ല ചില സാഹിത്യകാരന്മാരെപോലെ ഒരു പറ്റം വായനക്കാരെ മാത്രം സുഖിപ്പിക്കാൻ ശ്രമിക്കാതെ തന്റെ ചിന്തകൾക്കനുസൃതമായി മാത്രം എഴുതുന്ന ഒരാളായാണ് ആനന്ദിനെ ഞാൻ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ആനന്ദിന്റെ എഴുത്തിൽ രാഷ്ട്രീയവും സാമൂഹികവും മാനുഷികവും തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള ചിന്തകളും കടന്നു വരുന്നു.
ആധുനിക ഭരണകൂടവും അതിന്റെ വലംകൈ ആയ നീതിന്യായ വ്യവസ്ഥയും എത്ര സമർത്ഥമായി ജനങ്ങളെ കാഴ്ചക്കാരാക്കി വായടപ്പിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന ഈ രചന. 1987 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും സാമൂഹികപ്രതിബദ്ധയുള്ള ചിന്തകൾ പങ്കുവയ്ക്കുന്നു എന്നതിൽ സംശയമില്ല.
മരുഭൂമിയിലെ ഒരു പട്ടണത്തിൽ തടവുപുള്ളികളെക്കൊണ്ടു ജോലിയെടുപിച്ച് നിർമ്മിക്കുന്ന ഗവണ്മെന്റിന്റെ ഒരു സുരക്ഷാപദ്ധതിയിലെ ലേബർ ഓഫീസറാണ് കേന്ദ്രകഥാപാത്രമായ കുന്ദൻ. ആധുനിക സ്റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ സ്വാർത്ഥമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഒരു ജനതയെ ഒന്നടങ്കം എങ്ങിനെയാണ് അടിമകളാകുന്നതെന്ന് അവിടെ നേരിടുന്ന വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കുന്ദൻ മനസിലാക്കുന്നു. പിന്നീട് അധികാരവ്യവസ്ഥിതിക്കെതിരെയുള്ള കുന്ദന്റെ ഫലം കാണാത്ത പരിശ്രമങ്ങളിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്.
ആനന്ദ് എഴുതുന്നു,
" സാമൂഹ്യശാസ്ത്രത്തിൽ എല്ലാത്തിനും രണ്ടു വിധത്തിലുള്ള പരിഹാരമുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ. തൽക്കാല പരിഹാരവും ദീർഘകാല പരിഹാരവും. തൽക്കാല പരിഹാരം എന്നാൽ, പരിഹരിക്കാതിരിക്കുക എന്നർത്ഥം. പ്രശ്നങ്ങളെ നിലനിർത്തുക അവയെക്കൊണ്ടു കളിക്കുക. സമൂഹത്തെ കഷണം കഷണമാക്കി വിഭജിച്ചു കഴിഞ്ഞാൽ അവയെ വേറെ വേറെ സെല്ലുകളിൽ അടച്ചുകഴിഞ്ഞാൽ അവർ തടവുകാരായി. പിന്നെ കടിഞ്ഞാൺ നമ്മുടെ കൈകളിലേക്ക് മാറുന്നു. ഓരോ വിഭാഗത്തിന്റെയും അവകാശങ്ങൾ അവയൊഴിച്ചുള്ളവ എല്ലാത്തിന്റെയുമായി മത്സരിക്കുന്നു എന്നതാണ് തത്ത്വം. ഗിരിജനങ്ങളുടെ അവകാശം എന്ന വാദം വരുമ്പോൾ തൊഴിലാളികളുടെ അവകാശം എന്ന വാദത്തെ മുൻപോട്ട് കൊണ്ടുവരിക. അത് സ്വയം തകരും. തൊഴിലാളികളുടെ അവകാശം അഥവാ സ്ത്രീജനങ്ങളുടെ അവകാശം എന്ന വാദം വരുമ്പോൾ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ മുൻപിൽ കൊണ്ടുവരിക... ശ്രദ്ധാപൂർവ്വം ഓരോ പ്രശനത്തെയും എടുത്തു തക്കതായ സ്ഥാനത്തു വച്ചിട്ട് ഒഴിഞ്ഞുനിന്നുകൊള്ളുക. അവയോട് ബദ്ധപ്പെട്ടു കിടക്കുന്ന യാതനകൾ നിമിഷം കൊണ്ട് ആവിയായിപ്പോകുന്നതുകണ്ട് നിങ്ങൾ അത്ഭുതപ്പെടും. ആവിയായിപ്പോകുക മാത്രമല്ല, ആ യാതനകൾ ആസ്വാദനീയമായിത്തീരുന്നതോ ലഹരി നിറഞ്ഞ അനുഭവമായിത്തീരുന്നതോകൂടി നിങ്ങൾക്ക് കാണാം. ആർത്തുല്ലസിച്ചു ചെണ്ടകൾ കൊട്ടി, മറ്റുള്ളവരുടെ പുരകൾക്ക് തീ വച്ച് അവർ നൃത്തം ചെയ്യുന്നതും കാണാം.. "
ഓരോ ഖണ്ഡികയ്ക്ക് ശേഷവും ചിന്തകളുടെ ഒരുപാടധികം വാതിലുകളാണ് ക്ഷണനേരത്തിൽ വായനക്കാരന്റെ തലച്ചോറിൽ തുറക്കപ്പെടുന്നത്. തത്വവും മറ്റു ചിന്തകളും കുറച്ചധികം കടന്നുവരുന്ന എഴുത്ത് ആയതിനാലാകാം അർഹിക്കുന്ന അംഗീകാരം വായനക്കാർക്കിടയിൽ ആനന്ദിന് ലഭിക്കാതെ പോയത്. എന്റെ അഭിപ്രായത്തിൽ മലയാളസാഹിത്യത്തിൽ ഖസാക്കിനെപ്പോലെ തന്നെ വായിക്കപ്പെടേണ്ടോരു കൃതി തന്നെയാണ് ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നതും.
- ഡെഫ്രിൻ ജോസ്

Good review
ReplyDeleteThank you dear ❤️
Deleteനല്ല എഴുത്ത്
ReplyDeleteThank you
Delete