പട്ടുനൂൽപ്പുഴു


 ഹരീഷിന്റെ മറ്റു വർക്കുകളിൽ നിന്ന് വ്യത്യസ്തമാണ് പട്ടുനൂൽപ്പുഴു. ഭാഷയിൽ തന്നെ ആ വ്യത്യാസം പ്രകടമാണ്. ലോകപ്രശസ്തമായ ഒരു കഥാപാത്രത്തിന്റെ തന്നെ പേരാണ് ഈ കഥയിലെ കേന്ദ്രകഥാപാതമായ പതിമൂന്നുക്കാരനും, സാംസ. ലൈബ്രേറിയനായ മാർക്ക് സാർ ആണ് സാംസയ്ക്ക് ആ പേര് നൽകുന്നത്. അതൊരു പക്ഷേ മകനോട് യാതൊരു വിധ അടുപ്പവുമില്ലാത്ത വിജയനെ കണ്ടപ്പോൾ കാഫ്കയുടെ അച്ഛനെ ഓർമ വന്നതുകൊണ്ടാകാം. അല്ലെങ്കിൽ വെറും യാദൃശ്ചികതയുമാകാം. സ്കൂളിൽ ചേർക്കാൻ പ്രായമായപ്പോൾ മാത്രമാണ് വിജയൻ തന്റെ മകന് ഒരു പേര് വേണമല്ലോ എന്ന കാര്യം ആലോചിക്കുന്നത് തന്നെ. 


വളരെയധികം വ്യത്യസ്ഥതകളുള്ള,അന്തർമുഖനായ,തന്നോട് തന്നെ സംസാരിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നൊരു പതിമൂന്നുകാരനാണ് സാംസ. ആളുകൾ അവനെ ശ്രദ്ധിക്കാതെയിരിക്കുന്നതാണ് അവനേറ്റവും ഇഷ്ടമുള്ള കാര്യം. അങ്ങനെയൊരു അവസ്ഥയിൽ അവൻ ചുറ്റുപാടുകളെ ഡീറ്റെയിൽ ആയിൽ നിരീക്ഷുന്നു. ഒരു ദിവസം വായനശാലയിലെ ആരുടെയും കണ്ണിൽ പെടാത്ത ഒരു കോണിൽ ആയിരിക്കുമ്പോൾ ചിന്തിക്കുന്നത് ഇനിയൊരിക്കലും അവിടെനിന്ന് പുറത്തിറങ്ങാതെ ആ രഹസ്യസ്ഥലത്തിരുന്ന് വേറാരും കാണാതെ ജീവിക്കുന്നതിനെ കുറിച്ചാണ്. 


വളരെക്കുറച്ച് ആളുകളുമായി മാത്രമേ സാംസയ്ക്ക് അടുപ്പമുള്ളൂ. അവരോട് മാത്രം അവൻ തന്റെ ചിന്തകൾ പങ്കുവയ്ക്കുന്നു. അതിലൊരാൾ ഒരു പ്രത്യേക ഇടവേളകളിൽ ഭ്രാന്ത് വരുന്ന സ്റ്റീഫൻ എന്നയാളാണ്. ഭ്രാന്ത് വരുന്നതിനു മുൻപേ അയാളുടെ ശരീരം സൂചനകൾ കാണിച്ചു തുടങ്ങുന്നു. ചുറ്റുമുള്ള ആളുകൾ അപ്പോൾ അവന്റെ ഭ്രാന്തിന് വേണ്ടി തയ്യാറെടുക്കുന്നു.  ഭ്രാന്തനായിരിക്കുന്ന ദിവസങ്ങളിൽ വീട്ടുകാർ അയാളെ ഒരു ഈന്തുമരത്തിൽ കെട്ടിയിടുന്നു. ആ മരം അയാളിലെ ഭ്രാന്ത് ഭ്രാന്ത് വലിച്ചെടുത്തു വളരുമെന്നാണ് വിശ്വാസം. അയാൾക്ക് ഭ്രാന്തില്ലാത്ത സമയങ്ങളിലാണ് സാംസ അയാളോടൊപ്പം നടക്കാനും മീൻ പിടിക്കാനുമെല്ലാം പോകുന്നത്. തന്നിഷ്ടം പോലെ ജീവിക്കാൻ ആ ഭ്രാന്ത് അയാൾക്ക് ഒരു അനുഗ്രഹമാണെന്നാണ് സ്റ്റീഫന്റെ പക്ഷം. സാംസയുമായി അടുപ്പമുള്ള മറ്റൊരാൾ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു പോയ ഒരു പെൺകുട്ടിയാണ്. അവൻ അവളെ നടാഷ എന്ന് വിളിക്കുകയും തനിക്കൊപ്പം ഇപ്പോഴും നടക്കുന്ന എന്ന ഒരാളെപ്പോലെ അവളോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. മാർക്ക് സാർ തന്നെയാണ് അവൾക്ക് പേര് നിർദ്ദേശിക്കുന്നതും. 


ഇൻറലിജെൻറ് ആയ കഥാപാത്രസൃഷ്ടി പോലെത്തന്നെ സമാനതകളില്ലാത്ത ആഖ്യാനമാണ് നോവലിന്റെ മറ്റൊരു പ്ലസ്. ഹരീഷിന്റെ മറ്റ് നോവലുകളെ അപേക്ഷിച്ച് ഭാഷയിൽ മനപ്പൂർവം കൊണ്ടുവന്നിരിക്കുന്ന വ്യത്യസ്തത നോവലിന്റെ അന്തരീക്ഷത്തിന് ഏറ്റവും യോജിക്കുന്ന തരത്തിലുള്ളതാണ്. ഓരോ പുതിയ വർക്കിലും എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് അയാൾ. ആളുകൾ ആക്സപ്റ്റ് ചെയ്ത ഒരു സേഫ് സോണിന് പുറത്ത് കടന്നെഴുതുന്നത് സാധാരണ ഗതിയിൽ സാഹസം തന്നെയാണ്. എന്നാൽ ഹരീഷിനെ പോലെ ചിലർ വേറിട്ട് ചിന്തിക്കുമ്പോൾ ആണ് നമ്മുടെ ഭാഷയിൽ കണ്ടുമടുത്ത വാർപ്പുരീതികളിൽ നിന്ന് വ്യത്യസ്തമായി വായിക്കാൻ സുഖമുള്ളത് എന്തെങ്കിലും ഉണ്ടാകുന്നത്. ഹരീഷിന്റെ നോവലുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ഇനിമുതൽ പട്ടുനൂൽപ്പുഴു ആയിരിക്കുമെന്ന് തോന്നുന്നു. 

Comments

Popular posts from this blog

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്