കഴിഞ്ഞദിവസം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പുസ്തകം വായിച്ചു കൊണ്ടിരികക്കെ കുറച്ചു നാളുകൾക്കു മുൻപേ നടത്തിയ ഒരു യാത്ര ഓർമ്മ വന്നു. എടുത്തു പറയത്തക്കതായി ഒന്നും ആ ആ യാത്രയിൽ സംഭവിച്ചിട്ടില്ല, പക്ഷേ ആ യാത്രയിലുടനീളം സ്നേഹത്തിൻറെ മനോഹരമായ തലോടലുകൾ എന്നെ ലഹരിപിടിപ്പിച്ചിരുന്നു.
മണിക്കൂറുകൾ നീണ്ട ആ ബസ് യാത്രയിൽ എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് അരുന്ധതി റോയിയുടെ അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന പുസ്തകം മാത്രമായിരുന്നു. എന്തു കൊണ്ട് ഒരു കുപ്പി വെള്ളം പോലും ഞാൻ വാങ്ങിച്ചില്ല എന്നോർത്ത് ഞാൻ ഇപ്പോഴും അത്ഭുതപ്പെടുന്നു. വെളുപ്പിന് മുതൽ ഉച്ചക്ക് രണ്ടുമണി വരെ എന്തോ എനിക്ക് ദാഹിച്ചതേയില്ല.
നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾക്ക് അപരിചിതമായ ഒരു നാട്ടിൽ ആ നാട്ടുകാരായ സുഹൃത്തിനോടൊപ്പം ആദ്യമായി കാണുന്ന അവൻറെ വീട്ടിൽ തങ്ങിയിട്ടുണ്ടോ..? ആ കുടുംബത്തിന്റെ കരുതലുകൾ അനുഭവിച്ചിട്ടുണ്ടോ..? പറഞ്ഞുവന്ന യാത്രയുടെ പ്രധാന ഉദ്ദേശം നടന്നില്ലെങ്കിലും ആ യാത്രയിൽ നിന്നും എനിക്ക് കിട്ടിയ സമ്പാദ്യം മുകളിൽ പറഞ്ഞ തരം നല്ല നിമിഷങ്ങളാണ്. അതുകൊണ്ടായിരിക്കാം എപ്പോൾ ഓർക്കുമ്പോഴും ആ ഓർമ്മകൾ വീണ്ടും മനസ്സിനെ കുളിരണിയിക്കുന്നതും.
എത്രയും പെട്ടെന്ന് വന്ന് കാര്യം തീർത്ത് അന്നുതന്നെ നാട്ടിലേക്ക് മടങ്ങാൻ ആയിരുന്നു ഉദ്ദേശം. എന്നാൽ സമയം നാം വിചാരിക്കുന്നിടത്തു നിൽക്കില്ലല്ലോ. അന്നേ ദിനം അവിടെ തങ്ങിയെ തീരു എന്ന അവസ്ഥയിലായിരുന്നു. നാടു ചുറ്റലും അവന്റേതായ തിരക്കുകളും കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ സമയം പത്ത് കഴിഞ്ഞിരുന്നുവെന്ന് തോന്നുന്നു. ഒരു ഇടവഴി കയറി കുറച്ചു നടന്നു വേണം തൻറെ വീട്ടിലേക്ക് പോകാൻ. ടൗണിന്റെ തിരക്കിൽ നിന്നും ഇടവഴിയിലേക്ക് കയറിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു. വീട്ടിലേക്കെത്തിയപ്പോൾ അവന്റെ അമ്മയും അനുജത്തിയും ഞങ്ങൾക്ക് രണ്ടുപേർക്കുമായി ഭക്ഷണം വിളമ്പി കാത്തിരിക്കുകയായിരുന്നു. വിശപ്പ് തോന്നിയെങ്കിലും കഴിക്കാതിരിക്കാൻ മനസ് അനുവദിച്ചില്ല. ഭക്ഷണത്തിനിടെ അവരെന്നോട് നാടിനെയും വീട്ടുകാരെയും പറ്റി ചോദിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു ഭക്ഷണം മാത്രം കഴിച്ച എന്നെ, എന്റെ മെലിഞ്ഞ ശരീരത്തെപ്രതി അവൻറെ അനുജത്തി ഇടയ്ക്കിടെ കളിയാക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം വരാന്തയിൽ ശ്രമിക്കവെ അവന്റെ അച്ഛനും വീട്ടുകാരുമായി പല കാര്യങ്ങൾ സംസാരിച്ചു. അതിനിടയിലും എത്രയും വേഗം കിടക്ക പിടിക്കാൻ ശ്രമിച്ചു. യാത്രാക്ഷീണം കഠിനമായിരുന്നു.
പിറ്റേന്ന് ഉണർന്നത് എപ്പോഴാണ് ഓർക്കുന്നില്ല. ഉണർന്നപ്പോൾ അവൻറെ അമ്മ എവിടെയോ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. എന്നോട് യാത്ര പറഞ്ഞ ശേഷം അവർ പറഞ്ഞു:
"ഞാൻ വരുമ്പോൾ വൈകും, അപ്പോഴേക്കും മോൻ പോയിട്ടുണ്ടാകും. എനി എപ്പോഴെങ്കിലും ഒരിക്കൽ കാണാം.."
എനിക്കറിയില്ല ഇനി കാണുമോ..? അമ്മയുടെ പോക്ക് നോക്കിനിൽക്കെ അനുജത്തി എനിക്ക് പല്ലുതേക്കാൻ പേസ്റ്റ് കൊണ്ടുതന്നു. കിണറ്റിൽ നിന്ന് വെള്ളം കോരി ബക്കറ്റിൽ ഒഴിച്ചു വച്ചിരുന്നു. പല്ലുതേപ്പും കഴിഞ്ഞു നിൽക്കെ അവിടത്തെ അമ്മൂമ്മ എനിക്കൊരു ഗ്ലാസ്സ് കട്ടൻ ചായയുമായി എത്തി. എല്ലായിടവും പുഞ്ചിരിക്കുന്ന മുഖങ്ങൾ.
അവിടെ അമ്മൂമ്മയോട് സംസാരിച്ചിരിക്കുന്ന സമയം അനുജത്തി എനിക്ക് തോർത്തും സോപ്പും കൊണ്ടു തന്നു. കുളിക്കാൻ വെള്ളം കോരിത്തന്നു, അവൾ എപ്പോഴും മനോഹരമായി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. പ്രാതലിന് ശേഷം ആ വീടിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി. അപ്പോഴും അവരെല്ലാവരും വരാന്തയിൽ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു.
ഈ സന്ദർഭങ്ങളിൽ എടുത്തു പറയത്തക്കതായി എന്തെങ്കിലും ഉണ്ടായതായി നിങ്ങൾക്ക് തോന്നിയോ..? ഇല്ലായിരിക്കാം, പക്ഷേ ആ വീടും പരിസരവും മുഴുവൻ സ്നേഹമായിരുന്നു. തണുത്ത കാറ്റിനോടൊപ്പം സ്നേഹവും വീശുന്നൊരു വീട്...!!

Comments
Post a Comment