അതിജീവനത്തിന്റെ തുരുത്ത്
സമയത്തിലൂടെ സഞ്ചരിക്കാൻ ഏറ്റവും എളുപ്പവഴി പുസ്തകവായന ആണെന് പണ്ടൊരിക്കൽ എവിടെയോ വായിച്ചതായി ഓർക്കുന്നു. ദസ്തയേവ്സ്കിയും ടോൾസ്റ്റോയിയുമെല്ലാം ഇപ്പോഴും വായിക്കപ്പെടുന്നതിന്റെ ഒരു കാരണം അവർ അവരുടെ കാലഘട്ടത്തെ മനോഹരമായി അക്ഷരങ്ങളിലേക്ക് പകർത്തി എന്നതും കൂടിയാണ്. ഇത്തരത്തിൽ ഇന്ത്യ-പാക്ക് വിഭജനത്തിന്റെ ഭാഗമായി കീറി മുറിക്കപ്പെട്ട ബംഗാളിന്റെ ആകുലതകളെ നമ്മിലേക്കെത്തിക്കുന്ന ഒരു ബംഗാളി നോവലാണ് സാവിത്രി റോയിയുടെ 'തുരുത്ത്.' വിഭജനത്തിൻറെ ഭാഗമായി കിഴക്കൻ ബംഗാൾ പാകിസ്ഥാനോട് ചേർന്നപ്പോൾ അവിടെനിന്നും പാലായനം ചെയ്യേണ്ടി വന്ന അഭയാർഥികളുടെ ജീവിതമാണ് ഈ നോവലിൽ കാണാനാവുന്നത്. അഭയാർത്ഥികളായി വന്നിരുന്നവർ ഏതെങ്കിലും തരിശുഭൂമിയിൽ കുടിലുകൾ വച്ചുകെട്ടി ചെറു കോളനികൾ രൂപീകരിച്ചു താമസിക്കുമ്പോൾ ആ സമൂഹത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെയും അത്തരം ക്ലേശകരമായ സാഹചര്യങ്ങളെ അവർ എങ്ങനെ നേരിടുന്നു എന്നതിന്റെയും വ്യക്തമായ ഒരു ചിത്രം എഴുത്തുകാരി വരച്ചിടുന്നു. തൊഴിലില്ലായ്മയും ദുർഘടമായ കാലാവസ്ഥയും ഇക്കൂട്ടരെ സദാ വേട്ടയാടിയിരുന്നു. അതിലും പ്രധാനം സ്കൂളുകളുടെയും ആശുപത്രികളുടെയും അഭാവമായിരുന്നു. ഈ ദുരവസ്ഥയെ നേരിടാനുള്ള അ...