അതിജീവനത്തിന്റെ തുരുത്ത്


സമയത്തിലൂടെ സഞ്ചരിക്കാൻ ഏറ്റവും എളുപ്പവഴി പുസ്തകവായന ആണെന് പണ്ടൊരിക്കൽ എവിടെയോ വായിച്ചതായി ഓർക്കുന്നു. ദസ്തയേവ്സ്കിയും ടോൾസ്റ്റോയിയുമെല്ലാം ഇപ്പോഴും വായിക്കപ്പെടുന്നതിന്റെ ഒരു കാരണം അവർ അവരുടെ കാലഘട്ടത്തെ മനോഹരമായി അക്ഷരങ്ങളിലേക്ക് പകർത്തി എന്നതും കൂടിയാണ്. ഇത്തരത്തിൽ ഇന്ത്യ-പാക്ക് വിഭജനത്തിന്റെ ഭാഗമായി കീറി മുറിക്കപ്പെട്ട ബംഗാളിന്റെ ആകുലതകളെ നമ്മിലേക്കെത്തിക്കുന്ന ഒരു ബംഗാളി നോവലാണ് സാവിത്രി റോയിയുടെ 'തുരുത്ത്.' വിഭജനത്തിൻറെ ഭാഗമായി കിഴക്കൻ ബംഗാൾ പാകിസ്ഥാനോട് ചേർന്നപ്പോൾ അവിടെനിന്നും പാലായനം ചെയ്യേണ്ടി വന്ന അഭയാർഥികളുടെ ജീവിതമാണ് ഈ നോവലിൽ കാണാനാവുന്നത്.


അഭയാർത്ഥികളായി വന്നിരുന്നവർ ഏതെങ്കിലും തരിശുഭൂമിയിൽ കുടിലുകൾ വച്ചുകെട്ടി ചെറു കോളനികൾ രൂപീകരിച്ചു താമസിക്കുമ്പോൾ ആ സമൂഹത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെയും അത്തരം ക്ലേശകരമായ സാഹചര്യങ്ങളെ അവർ എങ്ങനെ നേരിടുന്നു എന്നതിന്റെയും വ്യക്തമായ ഒരു ചിത്രം എഴുത്തുകാരി വരച്ചിടുന്നു. തൊഴിലില്ലായ്മയും ദുർഘടമായ കാലാവസ്ഥയും ഇക്കൂട്ടരെ സദാ വേട്ടയാടിയിരുന്നു. അതിലും പ്രധാനം സ്കൂളുകളുടെയും ആശുപത്രികളുടെയും അഭാവമായിരുന്നു. ഈ ദുരവസ്ഥയെ നേരിടാനുള്ള അഭയാർത്ഥികളുടെ സംഘടിതമായ പരിശ്രമങ്ങളാണ് 'തുരുത്ത്' പങ്കുവയ്ക്കുന്നത്. അതിജീവനത്തിന്റെ കഷ്ടതകൾക്കിടയിലും പ്രണയത്തിന്റെ നേരിയ നിഴലാട്ടങ്ങളും നോവലിൽ കടന്നു വരുന്നുണ്ട്.

ഇടതുപക്ഷ അനുഭാവിയായിരുന്ന സാവിത്രി റോയ് അന്നത്തെ ബംഗാളിലെ ഇടതുപക്ഷ മുന്നേറ്റങ്ങളെയും സംഘടനാപ്രവർത്തനങ്ങളും പറ്റി വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഇന്നത്തെ പോലെ തന്നെ ശക്തമായിരുന്ന ഹിന്ദു-മുസ്ലീം വർഗീയതയുടെ കാഴ്ചകൾ സഹതാപത്തോടെ മാത്രമേ നമുക്ക് വായിക്കാനാകൂ. പതിറ്റാണ്ടുകൾക്ക് ശേഷവും ഈ ദുരവസ്ഥയ്ക്ക് മാറ്റമില്ല എന്നോർക്കുമ്പോൾ ദുഃഖിക്കാതെ വയ്യല്ലോ.

സാവിത്രി റോയ്


വിഭജനത്തിനു ശേഷമുള്ള ഇന്ത്യൻ സാമൂഹിക അവസ്ഥകളെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും സഹായകരമാണ് ഈ പുസ്തകം. എം എൻ സത്യാർത്ഥി മനോഹരമായിത്തന്നെ വിവർത്തനം ചെയ്തിരിക്കുന്നു.



✍️ Antony Deffrin Jose

Comments

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്