ബഷീർ, മലയാള സാഹിത്യത്തിന്റെ വസന്തം
മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളതും ഇപ്പോഴും മലയാളി വായനക്കാർ മതിമറന്നു ആഘോഷിക്കുന്നതുമായ ആ എഴുത്തുകാരൻ ആരായിരിക്കും..? നിസ്സംശയം പറയാം വൈക്കം മുഹമ്മദ് ബഷീർ. അതുകൊണ്ട് തന്നെയാണല്ലോ മലയാളസാഹിത്യത്തിലെ ഒരേയൊരു സുൽത്താനായി അദ്ദേഹം ഇന്നും വാഴ്ത്തപ്പെടുന്നത്. എത്ര സമയം ചിലവഴിച്ചാലാണ് ഒരു ശരാശരി വായനക്കാരന് ബഷീറിനെ പറ്റി സംസാരിച്ചു മതിയാവുക..? ഒരുപക്ഷേ ദിവസങ്ങളോളം ബഷീറിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കാൻ എനിക്കായേക്കും. അതിനുവേണ്ടി എന്താണ് അയാൾ മലയാളി വായനക്കാർക്ക് സമ്മാനിച്ചത്, പണ്ഡിതനും പാമരനും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഭാഷ സ്വീകരിച്ചു എന്നത് മാത്രമോ..? ബഷീർ സ്നേഹത്തിന്റെയും ദയയുടെയും കാരുണ്യത്തിന്റെയും സന്ദേശമാണ് സാഹിത്യത്തിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. മനുഷ്യനന്മയാണ് ബഷീർ സാഹിത്യത്തിന് അടിസ്ഥാനം. അവിടെ സകലജാതികളും ജീവജാലങ്ങളും അടക്കം എല്ലാവരും തുല്യരാണ്. 1908 ജനുവരി 21ന് ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽപ്പെട്ട തലയോലപ്പറമ്പിൽ ജനിച്ച ബഷീറിൻറെ സാഹിത്യജീവിതം ആരംഭിക്കുന്നത് 1937 ൽ ജയകേസരിയിൽ എഴുതിയ തങ്കം എന്ന കഥയിലൂടെയാണ്. അതിനു ...