നീലച്ചടയൻ
അഖിലിനെ എപ്പോഴാണ് പരിചയപ്പെടുന്നത് എന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമറിയില്ല. നാളുകളായി ഫേസ്ബുക്കിൽ സുഹൃത്തുക്കളാണ്.
അങ്ങനെ ഇരിക്കെയാണ് ചങ്ങാതി പുസ്തകം പുറത്തിറക്കുന്ന വാർത്ത കേട്ടതും കാത്തിരുന്നതും. ഒരുപാടൊന്നും ആയില്ലെങ്കിലും വായിക്കാൻ അല്പമെങ്കിലും വൈകി പോയതിൽ വല്ലാത്ത ദുഃഖമുണ്ട്. ഒരു നവാഗതൻ ഏതാനും കഥകളുമായി വരുമ്പോൾ നാം പ്രതീക്ഷിക്കുന്ന ഒരു ലിമിറ്റ് ഉണ്ട്. എന്നാൽ ഇവിടെ സകല മുൻവിധികളെയും തകിടം മറിച്ചുകൊണ്ടുള്ളൊരു അനുഭവമായിരുന്നു ഈ സമാഹാരത്തിൽ എനിക്ക് അനുഭവിക്കാൻ സാധിച്ചത്.
തോറ്റം പാട്ടുകളുടെ, തെയ്യക്കോലങ്ങളുടെ, പച്ചയായ ഗ്രാമീണജീവിതത്തിന്റെ, യുവത്വത്തിന്റെ ചൂടും ചൂരുമുള്ള കഥകൾ. ടൈറ്റിലിൽ തന്നെയുള്ള നീലച്ചടയൻ അടക്കം എട്ടു കഥകൾ അടങ്ങിയ ഈ സമാഹാരം ഓരോ കഥയിലും വ്യത്യസ്തയും ഗ്രാമീണതയുടെ ലാളിത്യവും കാത്തു സൂക്ഷിച്ചു എന്ന കാര്യത്തിൽ സംശയമില്ല. കഥാപാത്രങ്ങൾ എല്ലാം തന്നെ വായനക്കാരന്റെ മനസിനെ നിസ്സഹായതയുടെ ഏകാന്തമായ തുരുത്തുകളിൽ ഒറ്റയ്ക് മേയാൻ വിട്ടുകൊണ്ടാണ് കടന്നുപോകുന്നത്.
- ചെക്കിപൂത്തണ്ട : വടക്കൻ കേരളത്തിലെ തെയ്യം കലാകാരന്മാരുടെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ടിരിക്കുന്നു. അന്യം നിന്നുപോകുന്ന പലതിനെയും സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകഥയെപ്പറ്റി ചിന്തിപ്പിക്കുന്നുണ്ട്.
- നരനായാട്ട് : ഉദ്വേഗജനകമായ ആഖ്യാനം. വലിയൊരു പ്രതികാരത്തിന്റെ കഥ രസമൊട്ടും ചോരാതെ തന്നെ പകർത്തിയിട്ടുണ്ട്. വായനക്കാരൻ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ സംതൃപ്തി നൽകുന്നൊരു ക്ളൈമാക്‌സും.
- നീലച്ചടയൻ : ഇക്കാലത്തെ അമിതമായ ലഹരിയുടെ ഉപയോഗം ശരാശരി യുവത്വത്തിന്റെ ചിന്തകളെയും പ്രവൃത്തികളെയും എങ്ങിനെ ബാധിക്കുന്നു എന്ന് വ്യക്തമാകുന്നുണ്ട് ഈ കഥ.
- ഇത് ഭൂമിയാണ് : ഇവിടെയും തെയ്യം കലാകാരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതമാണ് വിഷയമാക്കിയിരിക്കുന്നത്. അവരുടെ ആചാരങ്ങളേയും കലയോടുള്ള ആത്മാർത്ഥതയെയുമെല്ലാം വ്യക്തമായി വരച്ചിടുന്നുണ്ട്.
- വിപ്ലവപുഷ്പാഞ്ജലി : ഒറ്റ രാത്രികൊണ്ട് ഒരുപാട് തിരിച്ചറിവുകൾ നേരിട്ട് തകർന്നു പോയ ഒരു മനുഷ്യന്റെ കഥ. വായനക്കാരന്റെ നെഞ്ചിൽ തറയ്ക്കുന്നൊരു കത്തി.
- മൂങ്ങ : മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി അല്പം ഫാന്റസി തലത്തിലേക്കുയർന്ന ഒരു കഥ ആയാണ് അനുഭവപ്പെട്ടത്. ക്ളൈമാക്‌സ് ഏറെക്കുറെ ഊഹിച്ചു.
- ശീതവാഹിനി : വ്യത്യസ്ത മനുഷ്യർ ഒരേ സാഹചര്യങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നാണ് പ്രാരംഭത്തിൽ ഈ കഥ സംസാരിക്കുന്നതെങ്കിലും മുൻപോട്ട് പോകുന്തോറും ഒന്നിലധികം കഥാപാത്രങ്ങളുടെ വ്യത്യസ്തമായ മാനസികാവസ്ഥകളിലൂടെ വായനക്കാരന് സഞ്ചരിക്കേണ്ടി വരുന്നു.
- സെക്‌സ് ലാബ് : വൻ നഗരങ്ങളിൽ 'സെക്‌സ് ലാബുകൾ' കണക്കെ അകപ്പെട്ടു പോകുന്ന പെണ്കുട്ടികളുടെ ജീവിതം പ്രമേയമാക്കിയിരിക്കുന്നു.
മുകളിൽ പറഞ്ഞവയിൽ 'നരനായാട്ട്' എന്ന കഥ ഒരു സിനിമയായി കണ്ടാൽ കൊള്ളാമെന്നുണ്ട്. അതുപോലെ എഡിറ്റിംഗ് വിഭാഗം കുറച്ചുകൂടെ ഭംഗിയാക്കമായിരുന്നു എന്നൊരു തോന്നലും. എന്തായാലും തനിക്ക് സ്റ്റിയർ റിങ് പോലെതന്നെ പേനയും എളുപ്പത്തിൽ വഴങ്ങുമെന്ന് പ്രിയ സുഹൃത്ത് തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ ബ്രോ...

Comments
Post a Comment