ഇരുട്ടിൽ ഒരു പുണ്യാളൻ - പി എഫ് മാത്യൂസ്
മാജിക്കൽ റിയലിസത്തിന്റെ മനോഹാരിത
ചാവുനിലമാണ് പി.എഫ് മാത്യൂസിന്റേതായി ആദ്യം വായിക്കുന്നത്. അന്ന് മുതലേ മനസിൽ പ്രത്യേകമായൊരു ഇടമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ദിവസം വിഖ്യാതനായ Juan Rulfo വിന്റെ 'പെഡ്രോ പരാമോ'യുടെ തൊട്ടു പിന്നാലെ വായിച്ചു എന്നൊരു അബദ്ധം മാത്രമാണ് 'ഇരുട്ടിൽ ഒരു പുണ്യാളന്റെ' കാര്യത്തിൽ എനിക്ക് സംഭവിച്ചത്. മാജിക്കൽ റിയലിസത്തിന്റെ നിലയില്ലാ കയത്തിൽ നിന്ന് എങ്ങിനെയൊക്കെയോ രക്ഷപ്പെട്ട ശേഷമാണ് ഞാനിതെഴുത്തുന്നത്.
ഒരു പുസ്തകം വായിക്കുമ്പോൾ ഭൂരിഭാഗം പേരുടെ മനസിലും കഥ നടക്കുന്ന സാഹചര്യത്തെയോ പശ്ചാത്തലത്തെയോ സംബന്ധിച്ച് pleasant ആയൊരു ചിത്രം രൂപമെടുക്കാറുണ്ട്. പി.എഫ് മാത്യൂസിന്റെ എഴുത്തുകളിൽ അങ്ങിനെയൊരു അനുഭൂതി പ്രതീക്ഷിച്ച് ആരും കടന്നുചെല്ലേണ്ട ആവശ്യകതയില്ലെന്നാണ് എനിക് തോന്നുന്നത്. ദൈവമുണ്ടെങ്കിൽ ചെകുത്താനുമുണ്ട് എന്ന ലളിതവും എന്നാൽ അധികമാരും അംഗീകരിക്കാത്തതുമായ ഒരു ചിന്തയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. നോവലിലെ കഥാപാത്രങ്ങൾ വായനക്കാരോട് സംവദിക്കുന്ന രീതിയിലാണ് ആഖ്യാനം. അന്നംകുട്ടിതാത്തി മരിക്കുന്നതിന് മുൻപും മരണശേഷവും വ്യത്യസ്ത ചിന്തകളുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. നോവലിൽ എല്ലായ്പ്പോഴും നിറഞ്ഞു നിൽക്കുകയും എന്നാൽ ഒരിക്കൽപ്പോലും നേരിട്ട് പ്രത്യക്ഷപ്പെടാത്തതുമായ ഇരുണ്ട ശക്തി സംസാരിക്കുന്നത് അൾവാരീസ് എന്ന ഹോമിയോ ഡോക്ടറിലൂടെയാണ്.
ഇവിടെ നടക്കുന്നതെല്ലാം യഥാർത്ഥമാണോ അതോ കഥാപാത്രങ്ങളുടെ വെറും തോന്നലാണോ എന്നൊരു സംശയം തീർച്ചയായും വായനക്കാരന്റെ മനസിൽ രൂപപ്പെടുന്നുണ്ട്. അതിനുത്തരം അൾവാരീസിലൂടെ തന്നെ എഴുത്തുകാരൻ നമുക്ക് വെളിപ്പെടുത്തുന്നു.
അൾവാരീസ് പറയുന്നു,
"...ഇനി ഒരു സത്യം പറയട്ടെ: ഈ മനുഷ്യരും മതഗ്രന്ഥങ്ങളും പറഞ്ഞുപഠിപ്പിച്ച ഇന്ദ്രിയാതീതമായ കഴിവുകളൊന്നും എനിക്കില്ല. മാനുഷികതയുടെ ഉറവ കണ്ടെത്തി അതിനെ പരമാവധി ഉപയോഗപ്പെടുത്താനുള്ള പ്രായോഗിക പരിജ്ഞാനം മാത്രമാണ് എന്റെ കൈമുതൽ. ദൈവത്തിനുണ്ടെന്നു പറയുന്ന കഴിവുകൾ എനിക്കുമുണ്ടെന്നു അവർ പടിപ്പിക്കുന്നതിന്റെ കാരണം വളരെ വ്യക്തമാണ്. ദൈവം അല്ലെങ്കിൽ രക്ഷകൻ എന്ന സങ്കൽപം മനുഷ്യർക്കിടയിൽ ചിലവാകണമെങ്കിൽ ദുർഘടങ്ങളിൽ അവനെ സഹായിക്കുന്ന അസാമാന്യമായ ശക്തിവിശേഷമാണത്തെന്ന് സ്ഥാപിക്കേണ്ടതുണ്ട്. അത് സ്ഥാപിക്കാൻ തീർച്ചയായും അത്രതന്നെ അല്ലെങ്കിൽ അതിനേക്കാൾ ബലമുള്ള ഒരു ശത്രു അല്ലെങ്കിൽ വില്ലൻ(വൃത്തികെട്ട വാക്ക്) ഉണ്ടായിരിക്കണമെന്നു മാത്രമല്ല അവനെ ഇടയ്ക്ക് കീഴ്പ്പെടുത്തുകയും വേണം..."
ചാവുനിലം പോലൊരു അനുഭവം തന്നെയാണ് ഇവിടെയും വായനക്കാരനെ കാത്തിരിക്കുന്നത്. അന്നൊരിക്കൽ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. പ്രസന്നമായ അനുഭൂതികൾ ഒന്നും തന്നെ ഇവിടെയില്ല.
- ഡെഫ്രിൻ ജോസ്

Comments
Post a Comment