ആതി - സാറാ ജോസഫ്

ആതി - ഒരു മുന്നറിയിപ്പ്


ഭൂമിയിലെ ജീവന്റെ ആദ്യ കണികകൾ രൂപം കൊണ്ടത് കടലിന്റെ ആഴങ്ങളിലാണ്. ഇന്നും കരയിലുള്ളതിനെക്കാൾ അധികം സ്പീഷീസുകൾ വസിക്കുന്നതും ജലത്തിന്റെ മടിതട്ടിലാണ്. വാസ്തവത്തിൽ ജലജീവിതം ഉപേക്ഷിച്ചു കരയിലേക്ക് കുടിയേറിയ ജീവി വർഗ്ഗങ്ങളാണ് നാം ഓരോരുത്തരും. 'ആതി' ദേശത്തെ മനുഷ്യർ പക്ഷെ അങ്ങിനെയല്ല, വാസം കരയിലെങ്കിലും മനസ്സാലെ അവർ ജലജീവികളാണ്. അവർ ജലത്തെ ജീവനായി കാണുന്നു, ബഹുമാനിക്കുന്നു. പുറംലോകവുമായി വലിയ ബന്ധങ്ങളൊന്നുമില്ലാതെ ജലത്താൽ ചുറ്റപ്പെട്ടൊരു തുരുത്തിൽ വസിക്കുന്ന അവർ പ്രത്യക്ഷത്തിൽ ഇരുകാലികൾ എങ്കിലും അവർക്ക് എല്ലാം ജലമാണ്.

അങ്ങനെയിരിക്കെയാണ് ആതി എന്ന സ്വർഗത്തെ ഉടച്ചുവാർത്ത് അവിടെയൊരു നഗരം പണിയാൻ പുറത്തുനിന്നുള്ള മനുഷ്യർ അവിടേക്കെത്തുന്നത്. അതിനു ശേഷമാണ് ആതിയുടെ മഹത്വം മുൻപത്തെതിലും അധികമായി അവർ തിരിച്ചറിയുന്നത്. അവരോടൊപ്പം തന്നെ നമ്മെപ്പോലുള്ള ഓരോ വായനക്കാരനും.

പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളെ വിമർശിച്ച് ധാരാളം രചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആതി വ്യത്യസ്തമായൊരു അനുഭവമാണ്. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യൻ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന മുന്നറിയിപ്പും കൂടിയാണ് സാറാ ജോസഫ് നൽകുന്നത്. ആതിയിലെ ആറാം കഥാരാവിൽ ദിനകരൻ ജലത്തിന് വേണ്ടി യുദ്ധം നടക്കുന്ന ഒരു ലോകത്തെപ്പറ്റി പറയുന്നുണ്ട്. മഴവെള്ളം പോലും ശേഖരിക്കാൻ അനുവാദമില്ലാത്തൊരു ജനത. അങ്ങിനെയൊരു ലോകം വിദൂരമല്ല. അതുകൊണ്ട് തന്നെയാണ് ആതിയുടെ വായനയ്ക്ക് ഇവിടെ പ്രസക്തിയേറുന്നതും. പ്രകൃതിക്കും ജീവനും, അതിനുമപ്പുറം ഏഴുപത് ശതമാനത്തിലധികം ജലത്താൽ ചുറ്റപ്പെട്ട മനോഹരമായ ഈ നീലഗ്രഹത്തിലും വേണ്ടി ആദിയിൽ നിന്നും പുറപ്പെട്ട സംഗീതം പോലെ ഒരു സൃഷ്ടി; ആതി.

- ഡെഫ്രിൻ ജോസ്

Comments

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്