യൂദാസിന്റെ സുവിശേഷം - കെ ആർ മീര


അടിയന്തരാവസ്ഥയെയും പോലീസിന്റെ നക്സൽ വേട്ടയേയും അക്കാലത്തെ ഉരുട്ടിക്കൊലകളേയും പറ്റി കേട്ടറിവുകൾ മാത്രമേ എനിക്കുള്ളൂ. ആ കാലഘട്ടത്തെപ്പറ്റിയുള്ള ഭീകരമായൊരു ചിത്രമാണ് യൂദാസിന്റെ സുവിശേഷത്തിലൂടെ കെ ആർ മീര പങ്കുവയ്ക്കുന്നത്.



ഒറ്റുകാരന് ഒരിക്കലും ഉറക്കം വരികയില്ല, വിശപ്പടങ്ങുകയോ ദാഹം ശമിക്കുകയോ ഇല്ല. വെള്ളത്തിൽ മുങ്ങിക്കിടന്നാലും അയാളുടെ ശരീരത്തിന്റെ പുകച്ചിൽ അണയുകയില്ല. മൂക്കറ്റം കുടിച്ചാലും അയാളുടെ ബോധം മറയുകയില്ല. മുതല യൂദാസിന്റെ ജീവിതത്തിൽ നിന്ന് പ്രേമ പഠിച്ച പാഠമിതാണ്.

ശക്തരായ സ്ത്രീകഥാപാത്രങ്ങൾ മീരയുടെ കൃതികളുടെ മുഖമുദ്രയാണ്. ഇവിടെയുമുണ്ട് അത്തരത്തിൽ രണ്ടു സ്ത്രീകൾ അതിലൊന്നാണ് കേന്ദ്രകഥാപാത്രമായ പ്രേമ. അടിയന്തരാവസ്ഥക്കാലത്ത് ഉരുട്ടിക്കൊലകളിൽ സഹായി ആയിരുന്നൊരു പോലീസുകാരന്റെ മകൾ. അടിയന്തരാവസ്ഥയ്ക്ക് ശേഷം അയാൾ ജോലി ഉപേക്ഷിച്ചു, തന്റെ കയ്യിൽ കിട്ടുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ അയാൾക്ക് സാധാരണയൊരു പോലീസ് സ്റ്റേഷനിൽ വെറുമൊരു പൊലീസുകാരനായി ജോലി ചെയ്യുന്നത് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതാണ് വിരമിക്കലിനു കാരണം. ജോലിയിൽ നിന്നു രാജി വച്ച ശേഷം പിന്നീട് അയാൾ ഉരുട്ടിയത് ഭാര്യയെയും മക്കളായ മൂന്ന് പേരെയുമായിരുന്നു. ആ അടിച്ചമർത്തലിന്റെ വേദനയിൽ ഒറ്റയ്ക്കൊരു വിപ്ലവകാരിയാകാൻ പ്രേമ ആഗ്രഹിച്ചു. അതുകൊണ്ടാണ് മുൻ നക്സലേറ്റായ ദാസിനോട്, യൂദാസിനോട് അവൾക് പ്രണയം തോന്നിയത്. നക്സലൈറ്റ് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം. പതിനഞ്ചാം വയസിൽ ആരംഭിച്ച അവളുടെ പ്രണയത്തിന് മുപ്പത്തിയഞ്ചാം വയസിലും ഉടവ് സംഭവിച്ചിരുന്നില്ല.

രണ്ടാം സ്ത്രീകഥാപാത്രം സുനന്ദയാണ്, അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ ക്രൂരമർദനങ്ങളേറ്റു മരിച്ച സുനന്ദ. കഠിനമായ വേദനയിലും അവൾ തന്റെ ആദർശങ്ങളെ കൈവിടാൻ തയ്യാറായില്ല. മരണത്തിന്റെ നിമിഷത്തിലും അവൾ കരയാൻ പോലും തയ്യാറയില്ല എന്നതാണ് വാസ്തവം.

ക്രൂരമായ പോലീസ് മർദനങ്ങളുടെ ഏതോ നിമിഷത്തിൽ അറിയാതെ താൻ പ്രണയിക്കുന്ന സുനന്ദയുടെ പേര് പറഞ്ഞതിന്റെ പേരിൽ സ്വയം ഒറ്റുകാരനെന്നു മുദ്രകുത്തി ജീവിതം ദുഖിച്ചു തീർക്കുന്നയാളാണ് യൂദാസ്. കായലിൽ നിന്ന് ശവങ്ങൾ മുങ്ങിയെടുക്കുകയായിരുന്നു അയാളുടെ തൊഴിൽ. പോലീസ് കൊന്ന സുനന്ദയുടെ ശവം തന്റെ കൈകൾ കൊണ്ട് കയത്തിലേറിയേണ്ടി വന്ന ഗതികേടിൽ ദുഃഖിച്ച് അയാൾ ആ തൊഴിൽ സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. പ്രേമ അയാളെ സ്നേഹിച്ചിരുന്നുവെങ്കിലും ഒരിക്കൽപ്പോലും അയാൾക്കു അവളിൽ അനുരാഗം തോന്നിയിരുന്നില്ല.

കായലിൽ പൊങ്ങിയ ശവം പോലെ മരവിച്ച ജീവിതവുമായി കാലം കഴിക്കേണ്ടി വന്ന കഥാപാത്രങ്ങളാണ് ഈ നോവലിൽ അധികവും. അതോടൊപ്പം തന്നെ നക്സലേറ്റുകൾക്കെതിരെയുള്ള പോലീസ് പീഡനമുറകളുടെ ക്രൂരമായ വെളിപ്പെടുത്തലുകളും വിപ്ലവകാരികളെ ഭരണകൂടം എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെയും തുറന്ന സാക്ഷ്യമാണ് 'യൂദാസിന്റെ സുവിശേഷം'.

"...ഭരണകൂടം ഒരു യന്ത്രമാണ് കുട്ടി, പോലീസ് അതിന്റെയൊരു നട്ട് അല്ലെങ്കിൽ ബോൾട്ട് മാത്രമാണ്. ഞങ്ങൾക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ ചട്ടുകങ്ങൾ മാത്രമായിരുന്നു, സ്റ്റേറ്റിന്റെ ചട്ടുകങ്ങൾ..."

- ഡെഫ്രിൻ ജോസ്

Comments

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്