ചാവുനിലം
ഇരുട്ട്, മഴ, മരണം..!!
ഇത് മരണത്തിന്റെ പുസ്തകമാണ്. ഉറപ്പായും നിങ്ങളിത് മുൻപോട്ട് വായിക്കുന്നുണ്ടെങ്കിൽ തുടർന്നുള്ള ഓരോ താളുകളിലും മരണത്തെ തിരയുകയായിരിക്കും. ഇനിയാരെന്നോർത്ത് തിടുക്കപ്പെടുകയായിരിക്കും. എന്തെന്നാൽ ഇവിടെ ഓരോ പേജുകൾക്കിടയിലും മരണം തന്റെ ഊഴം കാത്ത് പതിയിരിക്കുന്നു.
തയ്യൽക്കടക്കാരൻ മിഖായേലാശാനിൽ നിന്ന് തുടങ്ങുന്നു പാഴ്നിലത്തിന്റെ ചരിത്രം. അയാൾക്കും മുൻപേ അത് കുഷ്ഠം പിടിച്ചു മരിച്ച ആത്മാക്കളുടെ ഭൂമിയായിരുന്നു. അയാൾ അവിടെ വലിയ മാളികയുണ്ടാക്കി, കുളം കുത്തി, പന്നികളെ വളർത്തി, സുന്ദരിയായ മറിയത്തെ സ്വന്തം പെണ്ണായി വാഴിച്ചു. ശരീരം ചീഞ്ഞു മരിച്ചവരുടെ ശാപമോ എന്തോ, പിന്നീട് ആ ഭൂമിയിൽ ജീവിച്ചവരാർക്കും നല്ല മരണം ലഭിച്ചിട്ടില്ല.
എന്തുകൊണ്ടാണ് ഈ പുസ്തകം വെറും മൂന്നു പതിപ്പിൽ മാത്രം ഒതുങ്ങിപ്പോയതെന്നോർത്ത് ഞാൻ ആശ്ചര്യപ്പെടുകയാണ്. എന്റെ നിരീക്ഷണത്തിൽ ഈ പുസ്തകം ഇതിലുമാധികം വായന അർഹിക്കുന്നു. മിഖായേലാശാന്റെയും അയാളുടെ സന്തതിപരമ്പരകളുടെയും ദുരന്തങ്ങളുടെ കഥയാണ് ചാവുമിലം. മനുഷ്യരെക്കാൾ ഇവിടെ പ്രാധാന്യം അർഹിക്കുന്ന രണ്ട് കഥാപാത്രങ്ങൾ ഒന്ന് മഴയും മറ്റൊന്ന് മരണവുമാണ്. പ്രസന്നമായ അനുഭൂതികൾ ഒന്നും തന്നെ ഇവിടെയില്ല. ലോകാവസാനം പോലെ അവിടെയെപ്പോഴും മഴ പെയ്യുന്നു. മരണം അതിന്റെ ബീഭത്സമുഖവുമായി അതിനിടയിലൂടെ അലഞ്ഞുനടന്നു.
വ്യത്യസ്തമായ ആഖ്യാനം, മനോഹരമായ ഭാഷ, ഇപ്പോൾ വേണമെങ്കിലും മരണപ്പെടാവുന്ന ഒരുപാട് കഥാപാത്രങ്ങൾ. ഇവയെല്ലാം ചേരുമ്പോൾ ഇതുവരെയില്ലാത്തൊരു വായനാ അനുഭൂതി. അർഹിച്ച വാഴ്ത്തുകൾ ലഭിക്കാതെ പോയ ഒരു പുസ്തകം
- ആന്റണി ഡെഫ്രിൻ ജോസ്

ആദ്യത്തെ വാചകങ്ങൾ ... (y)
ReplyDelete😊
Delete