കിളിമഞ്ചാരോ ബുക്സ്റ്റാൾ

മനോഹരമായ ആഖ്യാനം കൊണ്ടും ഭാഷയുടെ കയ്യടക്കം കൊണ്ടും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പുസ്തകമാണ് രാജേന്ദ്രൻ എടത്തുംകരയുടെ 'ഞാനും ബുദ്ധനും' എന്ന നോവൽ. അതുകൊണ്ടുതന്നെ ഒരുപാട് പ്രതീക്ഷകളോടെയാണ് കിളിമഞ്ചാരോ ബുക്സ്റ്റാൾ നെ സമീപിച്ചത്. എന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നോ എന്നു ചോദിച്ചാൽ ഇല്ലായെന്നാണ് എന്റെ മറുപടി. പക്ഷെ നിരാശപ്പെടുത്തിയോ എന്നു ചോദിച്ചാൽ ഒരിക്കലുമില്ലതാനും.



സ്ഥിരമായി ഒരിടത്തു ഉറച്ചു നിൽക്കാത്ത, പേര് വെളിപ്പെടുത്താത്ത നായകകഥാപാത്രം തന്റെ പ്രണയം തകർന്നതിനു ശേഷം നഗരത്തിൽ എത്തുകയും പലയിടത്തും തങ്ങിയ ശേഷം ഒരു ബുക് സ്റ്റാളിൽ ജോലി ആരംഭിക്കുകയും ചെയ്യുന്നിടത്താണ് കഥയുടെ തുടക്കം. പിന്നീട്  ആ പുസ്തകശാലയും അതിനോട് ചേർന്ന മനുഷ്യരുടെയിടയിലുമായി സംഭവിക്കുന്ന കാര്യങ്ങളാണ് നോവലിന്റെ ഇതിവൃത്തം. നഷ്ടപ്രണയത്തിന്റെ വേദനയും അതിന്റെ തീവ്രതയെയും അതേപടി തന്നെ വായനക്കാരനിലേക്ക് എത്തിക്കാൻ പ്രിയപ്പെട്ട എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. വളരെക്കുറച്ചു കഥാപാത്രങ്ങൾ മാത്രമേ ഉള്ളുവെങ്കിലും അവരുടെയെല്ലാം വ്യത്യസ്ത ജീവിതങ്ങൾ ഒരുപാട് ചിന്തകൾക്കുള്ള വഴി വെട്ടുന്നു.

കഥയിൽ വലിയ പ്രാധാന്യമില്ലെങ്കിലും ഒരുപാടധികം എന്റെ മനസ്സിനെ അസ്വസ്ഥമാക്കിയൊരു അച്ഛൻ ഇടയ്ക്ക് നോവലിൽ കടന്നു വരുന്നുണ്ട്.

ക്യാൻസർ ബാധിച്ചു മരണം കാത്തുകിടക്കുന്ന മകൾക്ക് വേണ്ടി അവൾ പണ്ടെങ്ങോ വായിച്ചുമറന്നൊരു പുസ്തകം തേടിയാണ് അയാൾ നായകൻ ജോലി ചെയ്യുന്ന പുസ്തകശാലയിലേക്ക് കടന്നു വരുന്നത്. പുസ്തകത്തിന്റെ പേരോ എഴുത്തുകാരന്റെ പേരോ പ്രസാധകർ ആരാണെന്നോ അറിയാതെ മകളുടെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത കഥാസന്ദർഭങ്ങളുള്ള ഏതോ ഒരു പുസ്തകവും തേടി വായനശാലകളും പുസ്തകക്കടകളും കയറി അലയുന്നൊരാൾ.

വായനയ്ക്കിടയിൽ എന്റെ മനസ്സ് വളരെയധികം കലുഷിതമായ അവസരങ്ങളിൽ ഒന്നായിരുന്നു ഇത്.

വ്യത്യസ്ത ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ടും ലളിതമായ ആഖ്യാനം കൊണ്ടും ഒരു സാധാരണ വായനക്കാരന് നല്ലൊരു അനുഭവം സമ്മാനിക്കുന്നൊരു പുസ്തകം തന്നെയാണ് കിളിമഞ്ചാരോ ബുക്സ്റ്റാൾ.

എന്നെ ഒരുപാട് ചിന്തിപ്പിച്ച ഏതാനും വാചകങ്ങൾ താഴെ

"..എല്ലാം അവസാനിച്ചു എന്നു തോന്നുനത്തിന്റെ പേരാണ് സങ്കടം. ഒന്നും പൂർണ്ണമായി അവസാനിക്കുന്നില്ല; അവസാനിച്ചു എന്നു തോന്നുന്നിടത്തു നിന്നും മറ്റൊരു വഴി ആരംഭിക്കുന്നുണ്ടെന്നു മനസിലാക്കിയാൽ നിങ്ങൾക്കെവിടെയാണ് സങ്കടത്തിന് ഇടമുണ്ടാകുക..?"

-ആന്റണി ഡെഫ്രിൻ ജോസ്

Comments

Post a Comment

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്