നൂറ് സിംഹാസനങ്ങൾ - ജയമോഹൻ

അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും
അവൻ നിരപരാധിയാണ്


ചില ഹോളിവുഡ് ഹൊറർ മൂവീസിന്റെ അവസാനം എഴുതിക്കാനിക്കുന്നൊരു വാചകമുണ്ട്. 'Based on a true story.' സിനിമ കഴിഞ്ഞല്ലോ എന്നോർത്തു ആശ്വസിക്കുന്ന നമ്മിലേക്ക് സിനിമ കണ്ടതിലുമാധികം ഭയം കോരിയിടാൻ ഈ വാചകങ്ങൾക്ക് കഴിയാറുണ്ട്. നൂറു സിംഹാസനങ്ങൾ എന്ന ഈ പുസ്തകത്തിന്റെ വായനയ്ക്ക് ശേഷം ഞാനും അത്തരം ഒരവസ്ഥയിലായിരുന്നു. പക്ഷെ ഇവിടെ ഭയമായിരുന്നില്ല, മറിച്ച്  മനസ്സിനെ മഥിക്കുന്ന മറ്റെന്തൊക്കെയോ വികാരങ്ങളായിരുന്നു. ഇതൊരു കഥ മാത്രമാണല്ലോ എന്നോർത്തു ആശ്വസിക്കാനാകുന്നില്ല.  വീണ്ടും വീണ്ടും മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കുകയാണ്.



പ്രയത്‌നം കൊണ്ടും ചില നല്ലയാളുകളുടെ പിന്തുണ കൊണ്ടും ജീവിതത്തിലെ പരീക്ഷണങ്ങളെല്ലാം മറികടന്ന് ഐ. എ. സ് ഓഫീസറായൊരു മനുഷ്യൻ ജയമോഹനോട് പറഞ്ഞ അനുഭവങ്ങളുടെ നോവൽ രൂപമാണിത്. നോവലിന്റെ കഥ പറയണമെങ്കിൽ ഈ പുസ്തകം മുഴുവനായും ഞാനിവിടെ പകർത്തേണ്ടി വരും. അത്രമേൽ ആറ്റിക്കുറുക്കിയ കഥനമാണ് ജയമോഹൻ ഇവിടെ നടത്തിയിരിക്കുന്നത്. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അവർണ്ണ സവർണ്ണ വ്യത്യാസങ്ങളെപ്പറ്റി വീണ്ടും ചിന്തിക്കാൻ 'നൂറു സിംഹാസനങ്ങൾ' നിർബന്ധിക്കുകയാണ്. നമ്മുടെ സമൂഹവ്യവസ്ഥിതിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന വിവേചനങ്ങളെ പദവി കൊണ്ടോ പ്രവൃത്തി കൊണ്ടോ പറിച്ചെടുക്കാൻ സാധിക്കുകയില്ലെന്നു ജയമോഹൻ ഇവിടെ വ്യക്തമാക്കുന്നു.

അധികമാരും പറയാതൊരു കാര്യം കൂടെ പറയാൻ ആഗ്രഹിക്കുന്നു. എഴുതുപോലെതന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് ഇതിലെ ഇല്ലസ്ട്രേഷനുകൾ. നോവലിനെ പൂർണ്ണമായി ഗ്രഹിച്ച ശേഷമുള്ളൊരു വര. ഇരുപതിയെട്ടാം പേജിലെ ചിത്രം കണ്ടപ്പോൾ വായനയിൽ അതുവരെയുണ്ടായിരുന്ന സകല നിയന്ത്രണങ്ങളും എനിക്ക് നഷ്ടമായി. ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ നിറയുകയായിരുന്നു. മുൻപ് പല തവണ കേട്ടിട്ടും പ്രിയപ്പെട്ട സുഹൃത്ത് Mujeeb എന്തായാലും വായിക്കണം എന്നാവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് 'നൂറു സിംഹാസനങ്ങളു'ടെ വായന സംഭവിച്ചത്. 

ഇപ്പോഴും മനസിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്,

"..അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും
അവൻ നിരപരാധിയാണ്.."

Antony Deffrin Jose

Comments

Post a Comment

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്