സമുദ്രശില
ഉപാധികളില്ലാത്ത സ്നേഹത്തിന്റെ ജ്വലിക്കുന്ന ഉദാഹരണം
സുഭാഷ് ചന്ദ്രൻ എന്ന പേര് കേൾക്കുമ്പോൾ എല്ലാവരെയും പോലെ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് മലയാള നോവൽ സാഹിത്യ ചരിത്രത്തിലെ ഉൽകൃഷ്ട രചനകളിൽ ഒന്നായ 'മനുഷ്യന് ഒരു ആമുഖം' തന്നെയാണ്. അങ്ങനെ ഒരു എഴുത്തുകാരൻ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തന്റെ രണ്ടാം നോവലിലേക്ക് കടക്കുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുക സാധാരണമാണ്. ആ പ്രതീക്ഷകളോട് നീതി പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന് ചോദിച്ചാൽ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയായിരിക്കും എന്റെ പ്രതികരണം. എന്നാൽ മുൻപത്തെ പുസ്തകമായ 'മനുഷ്യന് ഒരു ആമുഖ'വുമായി താരതമ്യപ്പെടുത്തുവാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ അതിൻറെ അടുത്ത് വയ്ക്കാൻ പോലും ഞാൻ താല്പര്യപ്പെടുന്നില്ല. അപ്പോഴും മോശം എന്നല്ല, തീർച്ചയായും എൻറെ ബുക്ക് ഷെൽഫിൽ ഇരിക്കാൻ യോഗ്യമായ ഒരു പുസ്തകമായി തന്നെയാണ് ഞാൻ സമുദ്രശിലയെ വിലയിരുത്തുന്നത്.
പുസ്തകത്തിലേക്ക് വരുമ്പോൾ, ജീവിതത്തിലെ ദുരിതങ്ങളോട് പൊരുതി മുന്നേറാൻ കരുത്ത് കാണിച്ച് അംബ എന്ന സ്ത്രീ ലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയുള്ള ഉപാധികളില്ലാത്ത സ്നേഹം ഈ കാലഘട്ടത്തിൽ എവിടെയെങ്കിലും കാണാൻ സാധിക്കുമോ എന്നൊരു അന്വേഷണം നടത്തിയാൽ അത്തരം ബന്ധങ്ങൾ ഇന്നത്തെ സമൂഹത്തിൽ വിരളമായിരിക്കും. ഇങ്ങനെയൊരു സാഹചര്യത്തിൽ ഉപാധികളില്ലാത്ത സ്നേഹത്തിൻറെ മനോഹരമായ ഒരു ഉദാഹരണമാണ് തന്റെ ജീവിതത്തിലൂടെ അംബ എന്ന കഥാപാത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.
ജീവിതത്തിൽ കൂടെ ഉണ്ടാകേണ്ടവരെല്ലാം പലവഴിക്ക് പിരിയുമ്പോഴും തോറ്റു കൊടുക്കാൻ തയ്യാറാകാതെ വിധിക്കെതിരെ ഊരിപ്പിടിച്ച വാളുമായി പടവെട്ടുന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് സുഭാഷ്ചന്ദ്രൻ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. ഒരു ഫിക്ഷണൽ ക്യാരക്ടർ എങ്കിൽകൂടിയും അങ്ങേയറ്റം ബഹുമാനത്തോട് കൂടെ മാത്രമേ അംബയെപ്പറ്റി ഓർക്കാൻ എനിക്ക് സാധിക്കുകയുള്ളു.
കഥാപാത്രസൃഷ്ടി യുടെ കാര്യത്തിൽ നോവലിസ്റ്റ് നൂറ്റിയൊന്ന് ശതമാനം വിജയിച്ചെങ്കിലും ഈ നോവൽ ഇത്രയധികം വലിച്ചുനീട്ടേണ്ടിയിരുന്നോ എന്ന് പലപ്പോഴും ഒരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. എഴുത്തുകാരൻ തന്നെ കഥാപാത്രമായി കടന്നു വരുന്നത് കൊണ്ടും അവസാന പേജിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കൊണ്ടും ഇതൊരു യഥാർത്ഥ സംഭവം തന്നെയാണോ എന്ന തോന്നൽ ഉണ്ടാക്കുന്നതിൽ സുഭാഷ് ചന്ദ്രൻ മിടുക്കു കാണിച്ചിരിക്കുന്നു. അതോടൊപ്പം അത്തരമൊരു പ്രവർത്തിയുടെ ആവശ്യകത എന്താണെന്ന് കൂടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
![]() |
| സുഭാഷ് ചന്ദ്രൻ |
✍️ Antony Deffrin Jose


നന്നായിട്ടുണ്ട്
ReplyDeleteThanks 😊
Delete