മീരയും മറ്റു കഥകളും - ആനന്ദ്

സമൂഹത്തോടും തന്റെ സഹജീവികളോടും ഒരുപാട് പ്രതിബദ്ധതയുള്ള എഴുത്തുകാരനാണ് ആനന്ദ് എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. അദ്ദേഹത്തിൻറെ സൃഷ്ടികൾ പരിശോധിച്ചാൽ എളുപ്പത്തിൽ മനസിലാക്കാവുന്ന കാര്യമാണിത്.1970 ൽ ആൾക്കൂട്ടം എന്ന നോവലിലൂടെ മലയാള സാഹിത്യത്തിലേക്ക് രംഗപ്രവേശം ചെയ്ത അദ്ദേഹത്തിൻറെ ആദ്യ വർക് തന്നെ താൻ ജീവിക്കുന്ന സമൂഹത്തിന്റെയും ചരിത്രാവസ്ഥയുടെയും സ്വഭാവത്തെ വിശകലനാത്മകമായി അവതരിപ്പിക്കുകയായിരുന്നു. പിന്നീട് അങ്ങോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത എഴുത്തിലൂടെ അദ്ദേഹം മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരിൽ ഒരാളായി മാറുകയായിരുന്നു. ചെറുകഥകൾ എഴുതാറുണ്ടായിരുന്നവെങ്കിലും ആദ്യമായി അവ പ്രസിദ്ധീകരിച്ചത് 'ആൾക്കൂട്ട'ത്തിനു ശേഷമായണ്.


കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കുമുപരി മനുഷ്യാവസ്ഥയുടെ വൈകാരിക തലങ്ങളെ സ്പർശിച്ചുകൊണ്ടുള്ള എഴുത്താണ് ആനന്ദ് കൈക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഈ കഥകളെല്ലാം നാം വായിച്ചുശീലിച്ച പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമാണ്. അത്തരത്തിൽ മനുഷ്യജീവിതത്തിലെ വിവിധ അവസ്ഥകളെ ചോദ്യംചെയ്യുന്ന ഒൻപത്  കഥകളാണ് ഈ സമാഹരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

1. വാടകവീട് (1960)

നോവലെഴുത്തിന്റെ ഭാഗമായി എഴുത്തുകാരനായ ഭർത്താവും കേന്ദ്രകഥാപാത്രമായ വിമലയും നഗരത്തിൽനിന്നും മാറി ഗ്രാമാന്തരീക്ഷത്തിൽ ഒരു ബംഗ്ലാവിൽ താമസം ആരംഭിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. മനുഷ്യരെ പോലെ തന്നെ ആ വീടും ഇവിടെ ഒരു കഥാപാത്രം ആയി പ്രവർത്തിക്കുന്നു. വിഷാദം തളം കെട്ടിയ ആ വലിയ ബംഗ്ലാവും അതിന്റെ സൂക്ഷിപ്പുകാരിയായ  വൃദ്ധയും ചേർന്ന് വല്ലാത്ത അസ്വസ്ഥത ആ അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്നുണ്ട്. നോവൽ  എഴുതിത്തീർന്നശേഷം അവർ ആ സ്ഥലം വിടുമ്പോൾ  മനുഷ്യജീവിതങ്ങളുടെ നിർത്ഥകതയെ ഒരിക്കൽ കൂടി വിമല അഭിമുഖീകരിക്കുകയാണ്. 


2. ഭ്രമണപഥം (1964)

ഇവിടെയും പ്രധാന കഥാപാത്രം ഒരു സ്ത്രീയാണ്. വിരസമായ ദിവസങ്ങളും യാന്ത്രികമായ ദിനചര്യകളുമായി ജീവിക്കുന്ന ഭർതൃമതിയായ ഒരു ഭാര്യ എന്നു വേണമെങ്കിൽ പറയാം. ജീവിതത്തിൻറെ മടുപ്പിൽ നിന്നും താൽക്കാലിക രക്ഷപ്പെടലിനായി തൻറെ ഭർത്താവുമൊന്നിച്ച് അവർ ഒരു വിനോദയാത്രയ്ക്ക് പുറപ്പെടുന്നു. ഓരോ തീവണ്ടികൾ മാറി കയറുമ്പോഴും അവർ മനസ്സിലാക്കുകയാണ്, അവൾ ജീവിക്കുന്ന ആ താഴ്‌വരയിൽ നിന്നും അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിന്നും ഒരുതരത്തിൽ പറഞ്ഞാൽ ആ ഭ്രമണപഥത്തിൽ നിന്നും ഒരിക്കലും അവൾക്ക് ഒരു മോചനം സാധ്യമല്ല.


3. മീര (1992)

പുരുഷകേന്ദ്രീകൃത സമൂഹത്തിൽ ജീവിച്ച് ഒരുപാട് നിന്ദകളും പീഡകളും അനുഭവിക്കുന്ന മീര എന്ന പെൺകുട്ടി അതിൽനിന്നും രക്ഷനേടാനും തന്റെ ദുഃഖങ്ങൾ പങ്കുവയ്ക്കാനും ഗുരു ആയി  തിരഞ്ഞെടുക്കുന്നത് റായ്ദാസ് എന്ന ചെരുപ്പുകുത്തിയെ ആണ്. ജീവനില്ലാത്ത തോലുകളിൽ പണിയെടുക്കുന്ന ചെരുപ്പുകുത്തിയും മീരയും തമ്മിലുള്ള സംവാദങ്ങളും പിന്നെ അവളുടെ കവിതകളുമാണ് ഈ കഥ. എത്ര കഠിന പീഡകളെയും ചെറുത്തുനിൽക്കാനുള്ള സ്ത്രീസഹജമായ കരുത്ത് മീരയിൽ കാണാം. ചരിത്രപ്രാധാന്യമുള്ള മീര എന്ന കഥാപാത്രത്തെ പറ്റി പിന്നീടൊരിക്കൽ വിശദമായി എഴുതാം. 


4. സ്വേദപുഷ്പങ്ങൾ (1997)

വാല്മീകി രാമായണത്തിലെ ശബരി എന്ന കാട്ടാള സ്ത്രീയുടെ കഥയെ ആധാരമാക്കിയാണ് ആനന്ദ് ഈ കഥ എഴുതിയിരിക്കുന്നത്. ഒരു ശാപം മൂലം ശബരി എന്ന കാട്ടാളസ്ത്രീയായി ജീവിക്കേണ്ടിവന്ന മാലിനി എന്ന ഗന്ധർവപുത്രിക്ക് മാതംഗ മുനയിൽ നിന്ന് ബ്രഹ്മജ്ഞാനം ലഭിക്കുകയും അതിലൂടെ അവർ ലോകത്തെ മനസ്സിലാക്കുകയും അതേതുടർന്ന് മുനിയും ശബരിയും നടത്തുന്ന സംവാദങ്ങളിലൂടെയുമാണ് സ്വേദപുഷ്പങ്ങൾ മുൻപോട്ട് പോകുന്നത്.


മനുഷ്യൻറെ ഇന്ദ്രിയാനുഭവങ്ങൾ സാമൂഹിക മായി ബന്ധപ്പെടുത്തി പരിശോധിക്കുകയാണ് തുടർന്നുവരുന്ന കാഴ്ച, കേൾവി, സ്പർശം, രുചി, ഗന്ധം എന്നീ കഥകളിലൂടെ. 


5. കാഴ്ച 

കണ്ണു പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പല ദിക്കുകളിൽ നിന്നും നഗരത്തിലെ പ്രശസ്ത ആശുപത്രിയിലെത്തിയ വ്യത്യസ്ത തരം മനുഷ്യരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥ മുന്നോട്ടുപോകുന്നത്. കാഴ്ചയെയും അന്ധതയെയും സംബന്ധിച്ച ഒരുപാട് ചോദ്യങ്ങളും കഥയ്ക്കിടെ ഉയരുന്നുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ കാഴ്ചയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തെ വിവരിക്കുന്ന ഈ കഥ അവസാനിക്കുന്നത് ആശുപത്രിയിൽ വന്ന ശേഷം പാമ്പുകടിയേറ്റ് മരണപ്പെടുന്ന ഒരു അച്ഛന്റെയും മകന്റെയും മരണത്തിലൂടെയാണ്.


6. കേൾവി 

തന്നെ കേൾക്കാൻ ആരും ഇല്ലാതാകുന്ന ഒരു മനുഷ്യൻറെ ദുരവസ്ഥയെ തുൾസിദാസ് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ആനന്ദ് ഇവിടെ. മറ്റൊരാളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വന്തം ജീവിതം ബലിയർപ്പിക്കേണ്ടി മനുഷ്യനെ സമൂഹം മാത്രമല്ല ഭാര്യയും മക്കളും പോലും ഉപേക്ഷിച്ചു പോകുന്നു. വഴിയോരത്ത് ആക്രമിക്കപ്പെട്ട ഒരു സ്ത്രീയെ രക്ഷിക്കാനായി ശ്രമിക്കുന്ന തുൾസിദാസ് അതേ അക്രമികളുടെ തന്നെ മർദ്ദനമേറ്റ് ജീവനുള്ള ജഡം കണക്കെ ആയിത്തീരുന്നു. സംസാരിക്കാനോ ആശയവിനിമയം നടത്താനോ കഴിവില്ലാത്ത ഒരാളുടെ മാനസിക വ്യാപാരങ്ങളെ ആനന്ദ് ഇവിടെ വിശകലനം ചെയ്യുന്നു.


7. സ്പർശം 

സ്പർശത്തിന് രണ്ടു കർത്താക്കൾ കാമുകനും ഘാതകനുമാണ്. ആരാണ് ഇവിടെ ഏറ്റവും ആഴത്തിൽ സ്പർശിക്കുന്നത്..?

ഇത്തരമൊരു ചോദ്യത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. പരിധി എന്ന് പേരായ പത്രപ്രവർത്തകയും ഒപ്പം കവിയുമായ പെൺകുട്ടിയുടെ കൊലപാതകത്തിലൂടെ ഈ സമസ്യയുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ആനന്ദ് ഇവിടെ നടത്തിയിരിക്കുന്നത്.


8. രുചി

കോളേജ് പഠനകാലത്തെ മിടുക്കിയായിരുന്ന രുചി എന്ന പെൺകുട്ടിയാണ് കഥയിലെ കേന്ദ്രകഥാപാത്രം. അവിചാരിതമായി കണ്ടുമുട്ടുന്ന ഒരു പുരുഷനുമായി അവൾ ഏതാനും ദിവസം ഒരുമിച്ചു കഴിയുന്നു. അയാളുടെ സഞ്ചിയിലെ കവിതകളിലൂടെയും രുചിയുടെ ഓർമ്മകളിലൂടെയും കഥ മുന്നോട്ടു പോകുന്നു 


9. ഗന്ധം

ഈ സമാഹാരത്തിലെ അവസാന കഥയാണ് ഗന്ധം. വിശപ്പ് മൂലം മരണപ്പെട്ട ഒരു സ്ത്രീ. ആ കേസ് ആന്വേഷിക്കാനായി വരുന്ന കപിൽ എന്ന പോലീസുകാരനാണ് കേന്ദ്രകഥാപാത്രം. മൃതദേഹം കിടന്ന മുറിക്ക് പുറത്ത് ദുർഗന്ധം ഉണ്ടായിരുന്നെങ്കിലും മുറിക്കുള്ളിൽ ദുർഗന്ധം അനുഭവപ്പെട്ടിരുന്നില്ല അതിൻറെ കാരണം അന്വേഷിച്ചുള്ള കപിലിന്റെ അന്വേഷണത്തിലൂടെയാണ് കഥയുടെ ഗതി പോകുന്നത്. മുന്നോട്ടു പോകുന്തോറും സാമൂഹ്യപ്രവർത്തകയായ അരുണിമയും അവളുടെ അനുഭവങ്ങളും ഇൻസ്പെക്ടറുടെ കാണാതായ മകളെത്തേടിയുള്ള അന്വേഷണവുമെല്ലാം കടന്നുവരുന്നു. ഓർമ്മകളും ഗന്ധവും തമ്മിലുള്ള ബന്ധവും അതേ തുടർന്നുള്ള ചോദ്യങ്ങളും കഥയിൽ കടന്നുവരുന്നു. 


Antony Deffrin Jose

Comments

Post a Comment

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്