ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതികഥകളും

 ഭയപ്പെടുന്നതിലുള്ള ആനന്ദം..!!


ഭയം എന്നത് അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ ശരീരം സ്വയം നിർമ്മിക്കുന്ന വികാരമാണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും സുരക്ഷിതമായ ഒരു അവസ്ഥയിലിരിക്കുമ്പോൾ സ്വയം ഭയപ്പെടാൻ നാം എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടാണല്ലോ ഹൊറർ/സ്ലേഷർ സിനിമകൾക്കും ഭീതി കഥകൾക്കുമെല്ലാം ഇത്രമേൽ ആരാധകർ ഉണ്ടാകാനുള്ള കാരണവും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു സദസ്സിൽ ഒരു പ്രേതകഥ എങ്കിലും പറഞ്ഞിട്ടില്ലാത്തവർ ഇപ്പോഴിത് വായിക്കുന്നവരിൽ ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല.



കേരളത്തിലെ തലമൂത്ത വായനക്കാർ  ഭീതിസാഹിത്യത്തെ ജനപ്രിയസാഹിത്യം എന്ന ലേബലിൽ രണ്ടാംതരം ആക്കി താഴ്ത്തിക്കെട്ടുന്ന പ്രവണത കാലാകാലങ്ങളായി അവലംബിച്ചു പോന്നിരുന്നതിനാൽ ആയിരിക്കണം മലയാളത്തിൽ ഇത്തരം കഥകൾക്ക് കാര്യമായ വളർച്ച ഉണ്ടാകാതെ പോയത്. എങ്കിലും ഡ്രാക്കുള പോലുള്ള ലോക ക്ലാസ്സിക്കുകളെ മലയാളികൾ മതിമറന്ന് ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. വാമൊഴിയായി നാം പറഞ്ഞുകേട്ട കഥകൾ എഴുതി വെച്ചിരുന്നെങ്കിൽ പോലും മലയാളത്തിൽ എടുത്തുപറയത്തക്ക ഒരു ശേഖരം ഭീതിസാഹിത്യത്തിൽ ഉണ്ടായിരുന്നേനെ. 

 

നിങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്ന രചന ഇനിയും എഴുതപ്പെട്ടിട്ടില്ലെങ്കിൽ സ്വയം എഴുതുകയാണ് മാർഗം


 എന്ന ടോണി മോറിസൺ വാചകങ്ങളിൽ പ്രചോദനം കൊണ്ടാണ് ഗ്രന്ഥകാരനായ മരിയ റോസ് ഈ പുസ്തകം എഴുതുന്നത്. വായനക്കാരിൽ ഭയം ജനിപ്പിക്കുക എന്ന പ്രഥമദൗത്യത്തിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.


ഗ്രന്ഥകാരന്റെ മരണം അടക്കം ആറ് കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ആറു കഥകളും വ്യത്യസ്തമായ തലങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. അതിനാൽ സാധാരണ പ്രേത സിനിമകളിലും, കഥകളിലും കാണാറുള്ള സാമ്യതകൾ ഇവിടെ വരുന്നില്ല. ഒന്നു കൂടെ പറയാം വെറുമൊരു പ്രേതകഥ എന്ന രീതിയിലല്ല ഈ പുസ്തകം തിരഞ്ഞെടുക്കപ്പെടേണ്ടത്. ഭീതികഥ എന്ന് കേൾക്കുമ്പോൾ ആരും ആദ്യമേതന്നെ പ്രേതത്തെയും പിശാചിനെയും രക്തരക്ഷസുകളെയുമൊന്നും മനസ്സിലേക്കെടുത്തു വയ്ക്കേണ്ടതില്ല.


മനുഷ്യൻറെ ഭയത്തിന് ഒരുപാട് കാരണങ്ങളുണ്ട്.ചിലപ്പോൾ അത് ഏകാന്തതയാകാം, അല്ലെങ്കിൽ കനത്ത നിശബ്ദത ആകാം, അതുമല്ലെങ്കിൽ പ്രകൃതിയുടെ വന്യതയാകാം, ഒരു പ്രത്യേക സ്ഥലത്ത് മുൻപേ നടന്നിട്ടുള്ള ദുരൂഹസംഭവങ്ങളോ മരണങ്ങളോ ആകാം. ഈ അവസ്ഥകളെയെല്ലാം മനുഷ്യമനസ്സുകൾ എങ്ങിനെ അഭിമുഖീകരിക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ് പലതരം ഭയപ്പാടുകൾ ഓരോരുത്തരിലും ഉണ്ടാവുന്നത്. ഇത്തരം സാഹചര്യങ്ങളിളെ വ്യത്യസ്ത മനസ്സുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നാണ് ഈ ആറു കഥകളിലൂടെ മരിയ റോസ് പറഞ്ഞു വയ്ക്കുന്നത്.


  • ഗ്രന്ഥകാരന്റെ മരണം
  • കാലിൽ കുളമ്പുള്ള മനുഷ്യൻ
  • ചുരങ്ങളിൽ ഒരു ദുരൂഹ മരണം
  • 'കെ' നഗരത്തിന്റെ പതനം
  • ബെറ്റി
  • സേതുവിന്റെ മരണം: ഒരു കേസ് സ്റ്റഡി


തലക്കെട്ടിൽ തന്നെ ഭയത്തിന്റെയും ആകാംഷയുടെയും വിത്തുകൾ പാകിയാണ് ഓരോ കഥയും ആരംഭിക്കുന്നത്. അവസാന കഥയിലെ സേതുവിനെ നമുക്കെല്ലാവർക്കും അറിയാം 'ഇൻ ഹരിഹർ നഗറി'ലെ സേതു തന്നെ. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ടത് ബെറ്റി എന്ന കഥയാണ്. ഭീതി സാഹിത്യത്തിൽ മലയാളത്തിന് ഒരു മുതൽക്കൂട്ടാകാൻ മരിയ റോസിന് എല്ലാ വിധ ആശംസകളും.


പബ്ലിഷർ : മാതൃഭൂമി ബുക്ക്സ്

Comments

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്