കാട്ടുകടന്നൽ
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിനിടയിൽ പരിസരം മറന്നുള്ള തരം വായനയെപറ്റി ചർച്ച ചെയ്യുകയുണ്ടായി. തൊട്ടരികെ ഒരാൾ വന്നു വിളിച്ചാൽ പോലും കേൾക്കാത്തത്ര ഏകാഗ്രതയിൽ കുട്ടിക്കാലത്തൊക്കെ ഒരുപാട് പുസ്തകങ്ങൾ വായിച്ചിരുന്നു. Mark Twain ന്റെ ടോം സോയറും നന്ദനാരുടെ ഉണ്ണിക്കുട്ടന്റെ ലോകവും എല്ലാം ചില ഉദാഹരണങ്ങളാണ്. ഇൻറർനെറ്റും സോഷ്യൽ മീഡിയകളും ജീവിതചര്യയുടെ ഭാഗമായ ഇക്കാലത്ത് അത്തരമൊരവസ്ഥയിൽ ഒരു പുസ്തകം ആസ്വദിക്കാൻ ഒരുപാട് ആഗ്രഹിച്ചു ആ സംസാരത്തിനിടയിൽ.
ഇപ്പോൾ പറഞ്ഞുവന്നത് കാട്ടുകടന്നൽ (The Gadfly) നെ പറ്റിയാണ്. നാളുകൾക്കുശേഷം സ്വയം മറന്നൊരു വായനയാണ് ഈ പുസ്തകം സമ്മാനിച്ചത്. വെറുമൊരു ഭംഗിവാക്കായി എന്റെ പ്രസ്താവനയെ കാണേണ്ട കാര്യമില്ല. എന്തെന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഈ പുസ്തകത്തിൻറെ സൃഷ്ടാവ് ഇന്ന് ജീവിച്ചിരിക്കുന്നു പോലുമില്ലല്ലോ. (എഴുത്തുകാരെ സുഖിപ്പിക്കാനായി എഴുതിപ്പിടിപ്പിച്ച ഭംഗി വാക്കുകൾകേട്ട് വായിച്ച പല പുസ്തകങ്ങളും നിരാശപ്പെടുത്തിയ അനുഭവം ഉള്ളതുകൊണ്ട് ഇങ്ങനെയൊക്കെ ചിന്തിച്ചു പോവുകയാണ്.) ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും വികാരതീവ്രമായ കൃതി എന്ന Bertrand Russell (British philosopher) ന്റെ വാക്കുകൾക്ക് കീഴെ ഞാൻ നീളത്തിൽ ഒരു വര വരയ്ക്കുന്നു.
ജീവിതം ഏൽപ്പിച്ച മുറിവുകളെയെല്ലാം ധീരമായി നേരിട്ട ഒരു വിപ്ലവകാരിയുടെ അല്ലെങ്കിലൊരു ഒരു മനുഷ്യസ്നേഹിയുടെ കഥയാണ് കാട്ടുകടന്നൽ. ഇറ്റലിയുടെ വിമോചന സമരത്തിൻറെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ചെറുപ്പത്തിൽ മതവിശ്വാസിയായിരുന്ന ആർതർ താൻ ഏറ്റവും സ്നേഹിച്ചിരുന്ന രണ്ടുപേരിൽ നിന്നുള്ള വഞ്ചനയുടെ ദുഃഖത്തിലാണ് നാടു വിടുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം അയാൾ തിരിച്ചെത്തുന്നതാകട്ടെ തികഞ്ഞ ഒരു വിപ്ലവകാരിയും കടുത്ത മതദ്വേഷിയുമായ ഫെലീസ് റിവാറസ് അഥവാ കാട്ടുകടന്നൽ ആയിട്ടാണ്. ആർതറിനെ പോലെ ശക്തമായ ഒരു കഥാപാത്രം എന്റെ വായനാലോകത്തിൽ ഇതുവരെ കടന്നുവന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. ഞാൻ അറിഞ്ഞിട്ടുള്ളതിൽ ഏറ്റവും വലിയ ദൈവനിഷേധി ആണയാൾ. അത്രത്തോളം തന്നെ മനുഷ്യസ്നേഹിയും. തന്റെ അവസാന നിമിഷങ്ങളിൽ പോലും ദൈവവുമായി ഒരു ഒത്തുതീർപ്പിന് അയാൾ തയ്യാറല്ല. മറ്റു പ്രധാന കഥാപാത്രങ്ങളായ ഗെമ്മയെയും കർദിനാൾ മോണ്ടിനെല്ലിയേയുമെല്ലാം ശക്തമായി തന്നെ ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ വരികളിലും വിപ്ലവം തിളച്ചുമറിയുന്ന ഒരു രചന.
![]() |
| ഏഥ്ൽ ലിലിയൻ വോയ്‌നിച്ച് |
തീർച്ചയായും 'കാട്ടുകടന്നൽ' ലോകസാഹിത്യത്തിലെ ഒരു നാഴികകല്ലാണ്. സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും കോടിക്കണക്കിന് വിപ്ലവകാരികളെ ആവേശം കൊള്ളിച്ച നോവലിൻറെ വീര്യം ഒരിറ്റു പോലും ചോരാതെ തന്നെയാണ് പി ഗോവിന്ദപ്പിള്ളസാർ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഏഥ്ൽ ലിലിയൻ വോയ്‌നിച്ച് എന്ന ആ യുവ വിപ്ലവകാരിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഞാനിതിനെ ചേർത്തുവയ്ക്കുന്നു.


Good
ReplyDelete