ബഷീർ, മലയാള സാഹിത്യത്തിന്റെ വസന്തം
മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളതും ഇപ്പോഴും മലയാളി വായനക്കാർ മതിമറന്നു ആഘോഷിക്കുന്നതുമായ ആ എഴുത്തുകാരൻ ആരായിരിക്കും..? നിസ്സംശയം പറയാം വൈക്കം മുഹമ്മദ് ബഷീർ. അതുകൊണ്ട് തന്നെയാണല്ലോ മലയാളസാഹിത്യത്തിലെ ഒരേയൊരു സുൽത്താനായി അദ്ദേഹം ഇന്നും വാഴ്ത്തപ്പെടുന്നത്.
എത്ര സമയം ചിലവഴിച്ചാലാണ് ഒരു ശരാശരി വായനക്കാരന് ബഷീറിനെ പറ്റി സംസാരിച്ചു മതിയാവുക..? ഒരുപക്ഷേ ദിവസങ്ങളോളം ബഷീറിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കാൻ എനിക്കായേക്കും. അതിനുവേണ്ടി എന്താണ് അയാൾ മലയാളി വായനക്കാർക്ക് സമ്മാനിച്ചത്, പണ്ഡിതനും പാമരനും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഭാഷ സ്വീകരിച്ചു എന്നത് മാത്രമോ..? ബഷീർ സ്നേഹത്തിന്റെയും ദയയുടെയും കാരുണ്യത്തിന്റെയും സന്ദേശമാണ് സാഹിത്യത്തിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. മനുഷ്യനന്മയാണ് ബഷീർ സാഹിത്യത്തിന് അടിസ്ഥാനം. അവിടെ സകലജാതികളും ജീവജാലങ്ങളും അടക്കം എല്ലാവരും തുല്യരാണ്.
1908 ജനുവരി 21ന് ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽപ്പെട്ട തലയോലപ്പറമ്പിൽ ജനിച്ച ബഷീറിൻറെ സാഹിത്യജീവിതം ആരംഭിക്കുന്നത് 1937 ൽ ജയകേസരിയിൽ എഴുതിയ തങ്കം എന്ന കഥയിലൂടെയാണ്. അതിനു മുൻപ്തന്നെ അദ്ദേഹത്തിൻറെ ചില ലേഖനങ്ങളും തിരുവിതാംകൂർ ദിവാൻ ഭരണത്തിനെതിരെ കുറിപ്പുകളും അസ്വസ്ഥജനകമായ ഒരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ നാടുവിട്ട ബഷീർ ഏറ്റവും അഭിമാനത്തോടെ പലയിടത്തും പരാമർശിച്ചിട്ടുള്ള ഒരു കാര്യമാണ് ഞാൻ ഗാന്ധിജിയെ തൊട്ടു എന്നത്. കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിച്ച അദ്ദേഹം അതിനു ശേഷമാണ് 'പ്രഭ' എന്ന തൂലികാനാമത്തിൽ തീവ്രവാദ ലേഖനങ്ങൾ എഴുതാൻ ആരംഭിച്ചത്. പിന്നീട് ഇന്ത്യയൊട്ടാകെ അലഞ്ഞ അദ്ദേഹം ആടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. ശേഷം പാചകക്കാരനായി, മാജിക്കുകാരനായി. ഈ ജീവിതാനുഭവങ്ങളാണ് പിൽക്കാലത്ത് അദ്ദേഹത്തിൻറെ സാഹിത്യത്തെ ശക്തമാക്കിയത്.
വളരെ കുറച്ച് കൃതികൾ കൊണ്ട് തന്നെ ബഷീറിയൻ സാഹിത്യം മലയാളത്തിലെ പ്രധാനപ്പെട്ട ഒരു സാഹിത്യശാഖയാക്കി തീർത്തയാളാണ് ബഷീർ. കള്ളനും കൊലപാതകികളും അടങ്ങുന്ന അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ അക്കാലത്തെ സാഹിത്യലോകത്തിന് അപരിചിതമായിരുന്നു. 'പ്രേമലേഖനം' എഴുതിയ ബഷീർ അന്ന് നിലനിന്നിരുന്ന ജാതിചിന്തകളെ വെല്ലുവിളിച്ചുകൊണ്ടാണ് അതിസുന്ദരമായ പ്രണയം മലയാളികളെ പഠിപ്പിച്ചത്. രണ്ടു മനസ്സുൾക്ക് പ്രണയിക്കാൻ തമ്മിൽ കാണേണ്ട ആവശ്യംപോലുമില്ലെന്ന് 'മതിലുകൾ'ലൂടെ അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി. ഈ പ്രപഞ്ചത്തിലെ ജീവിവർഗങ്ങൾക്കും ഇവിടെ തുല്യ അവകാശമാണെന്നും 'ഭൂമിയുടെ അവകാശികൾ' ലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. അദ്ദേഹത്തിൻറെ ആദ്യ കഥയായ തങ്കം തന്നെ അന്നത്തെ സാഹിത്യപരിസ്ഥിതിയിലെ നായിക-നായക സങ്കൽപങ്ങളെ ഉടച്ചുവാർത്തുകൊണ്ടുള്ളതായിരുന്നു. ഒരുകാലത്ത് മുസ്ലിം സമുദായത്തിൽ നിലനിന്നിരുന്ന സകല അനാചാരങ്ങൾക്കെതിരെയും അദ്ദേഹം തൻറെ തൂലിക ചലിപ്പിച്ചു. ഇനിയും എത്രയോ കൃതികൾ, മലയാളികൾ പതിറ്റാണ്ടുകളായി ആഘോഷിക്കുന്ന ഇപ്പോഴും പുസ്തകശാലകൾ നിറഞ്ഞുനിൽക്കുന്ന ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനീണ്ടാർന്ന്, പാത്തുമായുടെ ആട്, ശബ്ദങ്ങൾ, അനുരാഗത്തിന്റെ ദിനങ്ങൾ, വിശ്വവിഖ്യാതമായ മൂക്ക്, മുച്ചീട്ടുകളിക്കാരന്റെ മകൾ, ആനവാരിയും പൊൻകുരിശും. ഈ ലിസ്റ്റ് ഇനിയും നീളും.
1964 ബഷീർ തിരക്കഥ എഴുതിയ ആദ്യ സിനിമ പുറത്തുവന്നു മൂലകഥയായ നീലവെളിച്ചത്തെ ആധാരമാക്കി വികസിപ്പിച്ച ഭാർഗവീനിലയം. അതിനുശേഷം ബാല്യകാലസഖി എന്ന നോവൽ രണ്ടുതവണ സിനിമയാക്കപ്പെട്ടു. 1967 ൽ പ്രേം നസീർ മജീദായി അഭിനയിച്ചപ്പോൾ 2014 ൽ മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. 1990 ൽ മതിലുകൾ സിനിമ ആയപ്പോഴും മമ്മൂട്ടി തന്നെയായിരുന്നു ബഷീറിൻറെ കഥാപാത്രത്തെ അവതരിപ്പിച്ചത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സ്ത്രീകഥാപാത്രങ്ങൾ ആരുംതന്നെ അഭിനയിച്ചിട്ടില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്. 1982 ൽ ബഷീറിന്റെ സാഹിത്യലോകത്തെ സംഭാവനകളെ പരിഗണിച്ച് ഇന്ത്യാഗവൺമെൻറ് പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര കേരള - സാഹിത്യ അക്കാദമി അവാർഡുകൾ, കാലിക്കറ്റ് സർവ്വകലാശാലയുടെ ഡി.ലിറ്റ് ബിരുദം, പ്രേംനസീർ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, സംസ്കാരദീപം അവാർഡ് അങ്ങനെ എത്രയോ പുരസ്കാരങ്ങൾ. ഇന്ത്യയിലെ പ്രധാന ഭാഷകൾ കൂടാതെ ഇംഗ്ലീഷ് ഫ്രഞ്ച് മലായ് ചൈനീസ് ജാപ്പനീസ് ഭാഷകളിലും ബഷീർകൃതികൾ വിവർത്തനം ചെയ്യപ്പെട്ടു.
1994 ജൂലൈ മാസം അഞ്ചാം തീയതി വെളുപ്പിനെ 3:45 മണിക്ക് എൺപത്തിയാറാം വയസ്സിൽ അദ്ദേഹം നമ്മോട് വിട പറഞ്ഞപ്പോൾ മലയാളത്തിന് നഷ്ടമായത് നമ്മുടെ സുൽത്താനെ മാത്രമല്ല ഇനിയും ജനിക്കാതെ പോയ ഒരുപാട് മനോഹര സൃഷ്ടികൾ കൂടിയായിരുന്നു. അദ്ദേഹത്തിൻറെ ജീവിതരേഖയിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്; ബഷീർ അയാളുടെ സാഹിത്യത്തെക്കാൾ മഹത്വമുള്ള മനുഷ്യനായിരുന്നു.



Good one
ReplyDelete❤️👍
Delete