ഇന്ദുഗോപൻ കഥകൾ
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വായിച്ചത് ഇന്ദുഗോപന്റെ പ്രഭാകരൻ സീരിസും അമ്മിണിപ്പിള്ള വെട്ടുകേസും ആണ്. അതിൽ 'ഡച്ചുബംഗ്ലാവിലെ പ്രേതരഹസ്യം' മാറ്റി നിർത്തിയാൽ ഏകദേശം പതിനൊന്നോളം കഥകൾ രണ്ടു പുസ്തകങ്ങളിലുമായി വരുന്നുണ്ട്. ഇന്ദുഗോപൻ കഥകളെപ്പറ്റി സംസാരിക്കുമ്പോൾ എടുത്തു പറയേണ്ടതായി തോന്നിയത് അപസർപ്പക കഥകളിൽ കഥാപാത്രങ്ങളുടെ വേദനകൾക്കോ ദുരിതാവസ്ഥകൾക്കോ കഥാകാരൻ അമിതപ്രധാന്യം നൽകുന്നില്ല എന്നതാണ്. അത്തരം കാര്യങ്ങൾ അവിടെയുണ്ടെങ്കിലും അത് സ്പൂൺഫീഡ് ചെയ്ത് തരാൻ ഇന്ദുഗോപൻ ആഗ്രഹിക്കുന്നില്ല. കഥയിലെ സംഭവങ്ങൾക്കാണ് ഇവിടെ പ്രാധാന്യം. അതിനിടയിലുള്ള സാധാരണക്കാരായ കഥാപാത്രങ്ങളുടെ ദുഃഖങ്ങളെല്ലാം നാം സ്വയമേ മനസിലാക്കിയെടുക്കേണ്ടതാണ്. അപ്പോൾ ഉയർന്നുവരുന്നൊരു ചോദ്യം അപസർപ്പക സാഹിത്യത്തിൽ എന്തിനാണ് അത്തരം ഏലമെന്റുകളുടെ ആവശ്യം എന്നതായിരിക്കും. എന്നാൽ ഇന്ദുഗോപൻ കഥകൾ അവയില്ലാതെ പൂർത്തിയാകില്ലതാനും. ഉദ്വേഗജനകമായ ഒരു കഥ, അതിന്റെ ചുരുളഴിച്ചുകൊണ്ടു ആകാംഷയോടെ വായിച്ചവസാനിപ്പിച്ച ശേഷം പിന്നീട് നമ്മുടെ ചിന്തകൾ സഞ്ചരിക്കുന്നത് കഥ വന്ന വഴിയേ പറ്റിയോ അതിലെ ദുരൂഹതകളുടെ രഹസ്യങ്ങളെപ്പറ്റിയോ ആയിരിക്കില്ല. മറിച്ച് കഥാന്ത്യത്തിൽ നിസ്സഹായനായ ഏതെങ്കിലും ഒരു കഥാപാത്രത്തിലായിരിക്കും നമ്മുടെ മനസു മുഴുവൻ. ഉദാഹരണത്തിന് നമുക്ക് 'ഇന്ന് രാത്രി ആരെന്റെ ചോരയിൽ ആറാടും..?' എന്ന കഥയെടുക്കാം. കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്,
"...അവളൊന്നു വിതുമ്പി ഡോക്ടർ അരുൺദത്തിന്റെ അടുത്തേക്ക് ചെന്നു.
പിന്നെ കൈ രണ്ടും നീട്ടിക്കൊടുത്തു....
വായിച്ചിട്ടുള്ളവർക്കറിയാം, ആ വരിയിൽ അവസാനിക്കുമ്പോൾ അതിനു മുൻപേ നടന്നതെല്ലാം നാം മറക്കുകയാണ്. പിന്നീട് ചിന്ത മുഴുവൻ ആ പെണ്കുട്ടിയെ പറ്റിയാണ്. ഇന്ദുഗോപൻ ആകട്ടെ ആ പെണ്കുട്ടിയുടെ നിസ്സഹായതകളെപ്പറ്റി കൂടുതൽ വാചാലനായിട്ടുമില്ല. ഇത്തരം കുഞ്ഞു കാര്യങ്ങളെയാണ് ഞാൻ ഇന്ദുഗോപൻ മാജിക് എന്നൊക്കെ വിളിക്കാൻ ഇഷ്ടപ്പെടുന്നത്.
പിന്നെ പറയാനുള്ളത് പ്രഭാകരനെക്കുറിച്ചാണ്. ഒരു കുറ്റാന്വേഷകന്റെ രീതികളിൽ നിന്നെല്ലാം വ്യത്യസ്തനായ, നിഗൂഢമായ സംഭവങ്ങളുടെ രഹസ്യമറിയാണുള്ള ആകാംഷ ഒന്നുകൊണ്ടു മാത്രം അതിനു പിന്നാലെ പോകുന്ന ഒരു സാധാരണക്കാരൻ. മറ്റു കുറ്റാന്വേഷകരെ പോലെ കൂർമ്മബുദ്ധിയൊന്നും അവകാശപ്പെടാത്ത എന്നാൽ ഏത് കാര്യങ്ങളെയും പഞ്ചേന്ദ്രിയങ്ങൾ സശ്രദ്ധം നിരീക്ഷിക്കുന്ന ഒരാൾ. മലയാളി വായനക്കാർ ഇന്ദുഗോപനെ ഓർക്കാൻ പ്രഭാകരൻ എന്ന പേര് തന്നെ ധാരാളമാണ്. പ്രഭാകരൻ സീരീസിൽ ഇനിയും പ്രതീക്ഷകൾ ഉണ്ട്.
രണ്ടു സമഹാരങ്ങളിലും കൂടി ഉൾപ്പെട്ടിരിക്കുന്ന കഥകൾ,
- ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ
- രാത്രിയിലൊരു സൈക്കിൾവാല
- ഒരു പ്രേതബാധിതന്റെ ആത്മകഥ
- ഇന്ന് രാത്രി ആരെന്റെ ചോരയിൽ ആറാടും?
- രക്തനിറമുള്ള ഓറഞ്ച്
- രണ്ടാം നിലയിലെ ഉടൽ
- ഡച് ബംഗ്ലാവിലെ പ്രേതരഹസ്യം (നോവൽ)
- ഗൈനക്
- ചെങ്ങന്നൂർ ഗൂഢസംഘം
- ഉള്ളിക്കുപ്പം അമ്മിണിപ്പിള്ള വെട്ടുകേസ്
ഇതിൽ അമ്മിണിപ്പിള്ള വെട്ടുകേസ് അപസർപ്പക കഥകൾ അല്ല. കഥാകാരന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളിൽ നിന്നും ഉടലെടുത്ത കഥകളാണ്. നാലും മിനിമം ഗ്യാരണ്ടി ഉറപ്പു തരുന്നവ തന്നെ.
Antony Deffrin Jose

Comments
Post a Comment