തീവണ്ടിയാത്രകൾ
കുട്ടിക്കാലത്തെ വലിയ അത്ഭുതങ്ങളിൽ ഒന്നായിരുന്നു തീവണ്ടി. പക്ഷേ ആ അത്ഭുതവണ്ടിയിൽ യാത്ര ചെയ്തിട്ടുള്ളത് വിരലിലെണ്ണാവുന്ന സന്ദർഭങ്ങളിൽ മാത്രമാണ്. ഇരുപത് വർഷത്തിലധികമായി റെയിൽവേയിൽ ലോക്കോപൈലറ്റ് ആയി ജീവിക്കുന്ന ഒരാളുടെ ഹൃദയം തൊടുന്ന അനുഭവക്കുറിപ്പുകളാണ് തീവണ്ടിയാത്രകൾ എന്ന ഈ പുസ്തകം.
തീവണ്ടിയിലെ അനുഭവങ്ങൾ കഥകളായും കവിതകൾ ആയും ഒരുപാട് തവണ നമ്മുടെ വായനയിൽ ഇടം പിടിച്ചിട്ടുണ്ടാകും. അതിൽ ഭൂരിഭാഗവും ആ വലിയ വാഹനത്തിന്റെ ഏതെങ്കിലും ഒരു ബോഗിയിൽ വച്ച് ആർക്കൊക്കെയോ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ആയിരിക്കും. പക്ഷേ തീവണ്ടിയുടെ ഏറ്റവും മുൻപിൽ ഇരുന്ന് അത് ഓടിക്കുന്ന ആളുടെ കാഴ്ചകൾ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. ആയിരങ്ങളുടെ ജീവൻ ഒരു ചങ്ങലപോലെ വലിച്ചുകൊണ്ടുപോകുന്ന ഒരാളുടെ മാനസിക വ്യാപാരങ്ങളും ചിന്തകളും എങ്ങനെയിരിക്കും? അതാണ് ഈ 'തീവണ്ടിയാത്രകൾ'
നമ്മുടെ സമൂഹത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ ഒരു കൊച്ചു പതിപ്പാണ് ഓരോ തീവണ്ടികളും. വ്യത്യസ്ത ദേശക്കാർ ഭാഷക്കാർ നിറക്കാർ അങ്ങിനെയങ്ങിനെ. എഴുത്തുകാരന്റെ ഓർമ്മയിൽ യാത്രക്കാർ, ഒപ്പം ജോലിചെയ്യുന്നവർ, റെയിൽവേ സ്റ്റേഷനുകളിൽ അന്തിയുറങ്ങുന്ന ആളുകൾ അങ്ങിനെ പലരും കടന്നുവരുന്നുണ്ട്. അതിൽ ചിലരെങ്കിലും ഉള്ള് തൊട്ടുകൊണ്ടാണ് കടന്നുപോകുന്നത്. ഒന്നോ രണ്ടോ അധ്യായങ്ങൾ ആവശ്യമില്ലാതെ വലിച്ചു നീട്ടിയതായി തോന്നി.
യാത്രകൾക്ക് പരിമിതികളുള്ള ഈ സമയത്ത് സുന്ദരമായൊരു തീവണ്ടിയാത്ര പോകാൻ ഈ പുസ്തകമെടുക്കാം. ഏറ്റവും മുൻപിൽ ഡ്രൈവറോടൊപ്പം ഇരുന്ന് ജീവിതത്തിന്റെ നീണ്ടുകിടക്കുന്ന പാളങ്ങളിലൂടെ അങ്ങ് പോകാം...
My rating - 3.5/5
Mathrubhumi Books
₹200

Comments
Post a Comment