മൂന്ന് കല്ലുകൾ
ഒരുപാട് നാളുകൾ ആയിരിക്കുന്നു എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. വായിച്ച പുസ്തകത്തെക്കുറിച്ചു പോലും എഴുതാൻ കഴിയാത്ത വിധം മനസ് മരവിച്ചു പോയോ..? അതോ തോന്നലാണോ..? ഇക്കാലയളവിൽ ജീവിതം എന്താണെന്ന് പഠിപ്പിച്ചത് പുസ്തകങ്ങൾ ആയിരുന്നില്ല. ചുറ്റുമുള്ള മനുഷ്യർ തന്നെയായിരുന്നു. വലിയൊരു തിരിച്ചറിവിന്റെ കാലഘട്ടത്തിലായിരുന്നു ഇത്രയും നാൾ. ഇപ്പോഴുള്ള ശാന്തത എത്ര നാൾ നിലനിൽക്കും എന്നും ഇപ്പോൾ ഉറപ്പില്ല.
നിശബ്ദമായ ഒരു വിഷാദം എനിക്കുചുറ്റും ഒരു മൂടൽമഞ്ഞു പോലെ ചുറ്റപ്പെട്ട് നിന്ന സമയത്താണ് അജയിന്റെ 'മൂന്ന് കല്ലുകൾ ' എന്ന പുസ്തകം പുറത്തിറങ്ങിയത്. സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക് ശേഷം അജയിന്റെതായി എന്തുകണ്ടാലും വായിക്കാതെ നിവൃത്തിയില്ല എന്നൊരു മാനസികാവസ്ഥയിൽ ഞാൻ എത്തിയിരുന്നു. പുസ്തകമെടുത്തു ഏതാനും പേജുകൾ കഴിഞ്ഞപ്പോൾ തന്നെ മലമുണ്ടയിലെയും ഇരുട്ടുകാനത്തേയും തണുത്ത വിഷാദം എന്നിലേക്കും പടർന്നു കയറുന്നത് ഞാൻ അറിഞ്ഞു. സൂസന്നയുടെ ഗ്രന്ഥപ്പുരയെ അപേക്ഷിച്ചു അജയ് നോവലെഴുത്തിൽ ഒന്നുകൂടെ മെച്ചപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ ഈ പുസ്തകത്തിലുടനീളം അനുഭവപ്പെട്ടു. കഥാപാത്ര സൃഷ്ടിയിൽ പോലും അത് പ്രകടമാണ്. സൂസന്ന വായിക്കുമ്പോൾ ചിലപ്പോഴെങ്കിലും അതിലെ കഥാപാത്രങ്ങൾ എല്ലാം സങ്കൽപ്പികമാണ് എന്നൊരു വിചാരം പൊങ്ങി വരുന്നുണ്ട്. പക്ഷെ മൂന്ന് കല്ലുകൾ തികച്ചും വ്യത്യസ്തമാണ്. നമുക്ക് ചുറ്റുമുള്ള, ചിലപ്പോഴൊക്കെ നമ്മെ നോക്കി ഒന്ന് പുഞ്ചിരിക്കാറുള്ള ആരൊക്കെയോ ആണവർ. ഓർമ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. നമുക്ക് ഒരുപാട് അടുപ്പമുള്ള ഒരാൾ നമ്മോട് കഥ പറയും പോലെയാണത്. നമ്മൾ നിശബ്ദമായി കേൾക്കുകയാണ്.
മനസിനെ ആശ്വസിപ്പിക്കാൻ തക്കവണ്ണം പ്രസന്നമായതൊന്നും ഈ നോവലിൽ എവിടെയുമില്ല. എന്നിട്ടും എന്നെ അസ്വസ്ഥമാക്കിയ പലതും നോവലിൽ തളം കെട്ടിയ വിഷാദത്തിൽ അലിഞ്ഞു പോയെന്നു തോന്നുന്നു. മിനിമം ഗ്യാരന്റി പ്രതീക്ഷിച്ചാണ് ഓരോ തവണയും അജയിനെ വായിക്കാറുള്ളത്. സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരു ലിമിറ്റിന് താഴേക്കു ഇതുവരെയും അയാളുടെ എഴുത്ത് പോയിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് അയാളുടേതായി ഒരു ആർട്ടിക്കിൾ കണ്ടാൽ പോലും വിടാതെ വായിക്കുന്നത്.
ഒരു പുസ്തകം ഒരു മനുഷ്യനിൽ എത്രത്തോളം സ്വാധീനം ചെലുതും എന്നത് വായിക്കുന്ന സമയത്തെ അയാളുടെ മാനസികാവസ്ഥയെയും കൂടെ ആശ്രയിച്ചിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്ഥമായ പലതരം മാനസികവ്യാപാരങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന സമയത്താണ് മൂന്ന് കല്ലുകൾ വായിച്ചത്. എന്തുകൊണ്ടോ ചെറുതല്ലാത്ത ഒരു പ്രഭാവം ഈ പുസ്തകം എന്നിൽ ഉണ്ടാക്കിയിട്ടുണ്ട്.

Comments
Post a Comment