പൊനം - കെ എൻ പ്രശാന്ത്
ഈ വർഷം ഇതുവരെ വായിച്ചതിൽ എന്നെ കുറച്ചെങ്കിലും ഇംപ്രെസ് ചെയ്യിച്ച നോവലാണ് കെ എൻ പ്രശാന്തിന്റെ പൊനം. കഴിഞ്ഞ വർഷം വായിക്കാനെടുത്തിട്ടും തിരക്കുകൾ കാരണം മറ്റൊരിക്കലേക്ക് മാറ്റി വച്ച പുസ്തകമാണ്. കാടിന്റെ വന്യതയും മനുഷ്യന്റെ തൃഷ്ണകളും പകയും കാമവുമെല്ലാം ചേർത്തു വച്ചൊരു നോവൽ. ആദ്യ പാരഗ്രാഫ് മുതൽ കാടിന്റെ തണുപ്പും ഇരുട്ടും എഴുത്തിലേക്ക് കൊണ്ട് വരാൻ പ്രശാന്ത് ശ്രമിച്ചിട്ടുണ്ട്. കാസർകോഡ് അതിർത്തിയിൽ കാടിനോട് ചേർന്നു കിടക്കുന്ന കരിമ്പുനം എന്ന ഒരു ഗ്രാമമാണ് പശ്ചാത്തലം. മലയാളവും തുളുവും കലർന്ന നാട്ടുഭാഷയിലാണ് ഭൂരിഭാഗം സംഭാഷണങ്ങളും. സിനിമയ്ക്ക് കഥ തേടി വന്ന ആഖ്യാതാവിനോട് ആ നാടിന്റെ കഥ പറയുന്നത് കരിയൻ എന്ന വൃദ്ധനും വേശ്യയായ പാർവതിയുമാണ്. പ്രത്യക്ഷത്തിൽ ഇത് ശേഖരൻ എന്ന തടി കച്ചവടക്കാരന്റെയും അവനോട് തീരാത്ത പകയുമായി നടക്കുന്ന മാധവന്റെയും കഥയാണെങ്കിലും. അവക്കിരുവശവുമായി നിലകൊള്ളുന്നവർക്കും ആവശ്യത്തിന് സ്പേസ് കൊടുക്കാൻ പ്രശാന്ത് ശ്രമിച്ചിട്ടുണ്ട്. വന്യത നിറഞ്ഞ ഒരു മരം പോലെതന്നെ പലവഴിക്ക് തിരിഞ്ഞു പോകുന്ന കഥ ഏറ്റവുമൊടുവിൽ എത്തിച്ചേരുന്നത് പകയെന്ന വേരിലേക്ക് തന്നെയാണ്.
‘റാക്ക്’, ‘തോക്ക്’ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ച നോവലിൽ ആദ്യ ഭാഗമായ റാക്ക് പ്രധാനമായും പറയുന്നത് ഉച്ചിര, അവളുടെ മകൾ ചിരുത, അവളുടെ മകൾ പാർവതി, അവളുടെ മകൾ രമ്യ എന്നിവരുടെ കഥയാണ്. നാല് തലമുറകളായി കരിമ്പുനത്തെ പുരുഷന്മാരുടെ അരക്കെട്ടിലെ ഭാരം ഒഴുക്കിക്കളഞ്ഞ ഇവരാണ് ആ ദേശത്തെ പുരുഷകേസരികളുടെ അടങ്ങാത്ത പകയെ കുറച്ചെങ്കിലും നിയന്ത്രിച്ചിരുന്നത് എന്ന് തോന്നി. കാടിന്റെ വന്യതയിൽ സുഗന്ധം പരത്തി നിന്ന ചന്ദനമരങ്ങൾ പോലെ കരിമ്പുനത്തെ പുരുഷന്മാരെ അവർ തലമുറകളായി തങ്ങളിലേക്ക് ആകർഷിച്ചു. കരിവീട്ടിയുടെ കരുത്തുള്ള പുരുഷന്മാർ അവരുടെ സ്ത്രൈണതയ്ക്ക് മുന്നിൽ നിന്ന് വിറയ്ക്കുന്നത് കണ്ട് അവർ അകമേ ചിരിച്ചു. എങ്കിലും അവർ കരിമ്പുനത്തെ ആരുടെയും സ്വന്തമായില്ല. അവരുടെ ശരീരത്തിന്റെ ആനന്ദം അവരുടെ മാത്രം അവകാശമായിരുന്നു.
രണ്ടാം ഭാഗത്ത് നോവൽ രതിയിൽ നിന്നും പകയിലേക്ക് വഴിമാറുന്നു. വായനശാലയും സാക്ഷരതപ്രവർത്തങ്ങളുമായി നടന്നിരുന്ന മാധവന് സ്വന്തം പെങ്ങളുടെ മരണത്തിന് കാരണക്കാരായ ശേഖരനെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന ചിന്ത തുടങ്ങുന്നിടത്ത് കരിമ്പുനത്തെ പകയുടെ ചരിത്രം ആരംഭിക്കുന്നു. ശേഖരന് കൂട്ടായി സോമപ്പനും മാത്യുവും ഗണേശനും അണിനിരക്കുമ്പോൾ മറുവശത്ത് മാധവനും മാലിംഗനും കാന്തയും അവർക്കെതിരെ ഒരുമിക്കുന്നു. നോവൽ വീണ്ടും ഉൾകാടിന്റെ ഇരുണ്ട വന്യതയിലേക്ക് കടക്കുന്നു.
തന്റേതായ ഒരു എഴുത്തുഭാഷ പ്രശാന്തിന്റെ നോവലിൽ കാണാം. നോവലിന് ഏറ്റവും സൗന്ദര്യം നൽകുന്നത് ആ ഭാഷയാണെന്ന് തോന്നി. കഥാപരിസരം ആവശ്യപ്പെടുന്ന അന്തരീക്ഷത്തിലേക്ക് നാം വലിച്ചെറിയപ്പെട്ടതുപോലെ ഒരു തോന്നൽ വായനയിൽ ഉണ്ടാകുന്നത് ഈ ഭാഷയുടെ മേന്മയാണ്. നോവലിൽ ഒരിടത്തും ആർക്കും പ്രത്യേക പരിഗണനയോ സഹാനുഭൂതിയോ പ്രശാന്ത് നൽകുന്നില്ല എന്നതും എടുത്തുപറയേണ്ടതായി തോന്നി. എല്ലാ യുദ്ധങ്ങളും പോലെ ഇതും ആർക്കും ഒന്നും കിട്ടാതെ അവസാനിക്കുന്നു. ലോകത്തിന്റെ നീതി അങ്ങിനെയാകുമ്പോൾ മറിച്ചാകാൻ വേറെ നിവൃത്തിയില്ലല്ലോ.
-4 stars

Comments
Post a Comment