പന്നിവേട്ട

 പുതുതലമുറ എഴുത്തുകാരിൽ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുള്ള പേരാണു ദേവദാസിന്റേത്. ഹരീഷ്,അജയ് മങ്ങാട്ട് തുടങ്ങിയവരാണ് മറ്റു ചിലർ. ദേവദാസിന്റെ കഥകൾ വയിക്കുമ്പോഴേ നമുക്കറിയാം പഴകിയ ടെംപ്ലേറ്റുകളിൽ നിന്ന് മാറി വ്യത്യസ്തമായ ആഖ്യാനരീതികൾ കണ്ടത്താൻ അയാൾ എപ്പോഴും ശ്രമിക്കുന്നുണ്ട്. “വെറുതെ നടന്നു വഴി കണ്ടുപിടിക്കുന്നവർ”, “കണ്ടശാംകടവ്” തുടങ്ങിയ കഥകളെല്ലാം പേഴ്സണലി എനിക്ക് വളരെ ഇഷ്ടമായ കഥകളാണ്.(രണ്ട് കഥകളും വഴി കണ്ടുപിടിക്കുന്നവർ എന്ന സമാഹാരത്തിലുണ്ട്). കുറച്ച് നാൾ മുൻപേ വായിച്ച മരണസഹായി എന്ന സമാഹാരത്തിലെ പകിടകളി എന്ന കഥയും മികച്ചതായി തോന്നി.

അത്തരം പ്രതീക്ഷകളിൽ നിന്നുകൊണ്ടാണ് പന്നിവേട്ട വായിച്ചു തുടങ്ങിയത്. റഷ്യൻ റുലേറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചാവുപന്തയം നടത്താനായി കൊച്ചി നഗരത്തിലെത്തുന്ന ഗ്രൂഷെ എന്ന ജൂതപെണ്ണിന്റെ പേർസ്പെക്ടിവിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. ഒരു വൃത്തത്തിനുള്ളിൽ നിന്ന് പരസ്പരം വെടിയുതിർക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നത് കൊച്ചിയിലെ തന്നെ രണ്ട് ഗ്യാങ്സ്റ്റർ സംഘത്തിലെ പ്രമുഖരാണ്. കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ കമ്പനി അവരുടെ നിലനിൽപ്പിന് വേണ്ടി പോലിസിന്റെയും ഗവൺമെന്റിന്റെയും ഒത്താശയോടെയാണ് ഈ പന്തയം സംഘടിപ്പിച്ചിരിക്കുന്നത്. അതിന് വേണ്ടി ഗ്രൂഷെ നടത്തുന്ന വിവരശേഖരണത്തിലൂടെ ഗെയിമിൽ പങ്കെടുക്കുന്ന ക്രിമിനലുകളുടെ ഭൂതകാലം വെളിവാകുന്നു. വായിച്ചു മുഴുമിക്കുമ്പോൾ അവരോടെല്ലാം എന്തെന്നില്ലാത്ത അനുകമ്പ തോന്നുന്നു. 



അടിയന്തരാവസ്ഥ കാലം മുതലുള്ള കൊച്ചിയുടെ ക്രിമിനൽ സൈഡ് ഇവിടെ പറഞ്ഞുപോകുന്നുണ്ട്. നക്സൽ ആക്രമണങ്ങളിലും പൊലീസ് വേട്ടയിലും ഗൂഢാലോചനകളിലും തുടങ്ങി ആരൊക്കെയോ നടത്തിയ വേട്ടയിൽ ചത്തുമലച്ച പന്നികളെപ്പോലെ ജീവിതം അവസാനിപ്പിക്കേണ്ടി  വന്നവരാണ് ഇവിടത്തെ കഥാപാത്രങ്ങൾ. ഭാഷയിലെ ഏച്ചുകെട്ടലുകൾ ഇല്ലായെന്നതും കയ്യിലുള്ള പദസമ്പത്ത് ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും തിരുകി വൃത്തികേടാക്കാറില്ല എന്നതും ദേവദാസിന്റെ എഴുത്തിനെ പറ്റി പറയുമ്പോൾ ഞാൻ എപ്പോഴും ആദ്യം പറയാറുള്ള കാര്യമാണ്. 


ഈ വായനയോടൊപ്പം ദേവദാസിന്റെ തന്നെ “ഏറ്” എന്ന പുസ്തകവും സമാന്തരമായി വായിച്ചുപോകുന്നുണ്ടായിരുന്നു. താരതമ്യേന മികച്ചതായി തോന്നിയത് “പന്നിവേട്ട”യാണ്. “ഏറ്”നെ പറ്റി പിന്നൊരിക്കൽ.

Comments

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്